Sunday, June 10, 2012

കുറച്ചു നാളായി ഇത് പോസ്റ്റ്‌ ചെയ്യണം എന്ന് കരുതി.. സമയം കിട്ടിയത് ഇപ്പൊഴാ...

Monday, February 14, 2011

എന്റെ തണല്‍മരം


My dear friend PRAJESH has designed my previous post so beautifully and sent me...
I am so happy...
Just wanted to share it with you...!!

Saturday, February 12, 2011

ധ്രുവമിഹ മാംസനിബദ്ധമല്ല രാഗം...!


വാലന്റൈന്‍സ് ഡേ എന്നൊരു ദിവസം ആണല്ലോ വരുന്നത് ... പ്രണയത്തെ കുറിച്ച് ചിന്തിക്കാനും എഴുതാനും വായിക്കാനും പ്രണയം കാണാനും കേള്‍ക്കാനും അങ്ങനെ മൊത്തം പ്രണയത്തില്‍ മുങ്ങിപൊങ്ങാന്‍ ഉള്ള ദിനമത്രേ ഇത്. ഇത്തരം കാട്ടിക്കൂട്ടലുകള്‍ക്ക്‌ ഞാന്‍ വ്യക്തിപരമായി എതിരാണെങ്കിലും ഇന്നത്തെ വിഷയം അതാകാം എന്ന്‌ തോന്നുന്നു.


ഓര്‍മ്മകള്‍ വീണ്ടും മെഡിക്കല്‍ കോളേജിലെ മൂന്നാം വര്‍ഷത്തിലേക്ക്. ആശുപത്രി കെട്ടിടം എന്ന രാവണന്‍കോട്ട മെല്ലെ പരിചയപ്പെട്ടു വരുന്നതെ ഉള്ളൂ. ഒന്നാം വാര്‍ഡില്‍ എത്താനും അവിടെ നിന്നു തിരിയെ പുറത്തു കടക്കാനും മാത്രം അറിയാം. ജൂനിയര്‍മോസ്റ്റ്‌ വിദ്യാര്‍ഥിയുടെ പകപ്പും ചങ്കിടിപ്പും ടെന്‍ഷനും ഭയവും നിറഞ്ഞ മനസ്സോടെ ആണ് ഓരോ ദിവസവും അതിനകത്ത് കാലു കുത്തുക. അതിന്റെ കൂടെ കിട്ടുന്ന കേസ് ഒരു കീറാമുട്ടി കൂടി ആണെങ്കില്‍ പറയണ്ട. അതുകൊണ്ട് വളരെ ശ്രദ്ധിച്ചാണ് ഞാന്‍ കേസുകളെ തെരഞ്ഞെടുത്തിരുന്നത്.

ഡ്യൂട്ടി നേഴ്സിന്റെ മേശപ്പുറത്തു അടുക്കി വെച്ചിരിക്കുന്ന കേസ് ഷീറ്റുകളില്‍ നിന്നു എന്റെ രോഗികളെ കണ്ടുപിടിച്ചു. ഇനി ഇന്ന് ഇതില്‍ ആരുടെ അടുത്ത് പോകണം എന്ന്‌ തീരുമാനിക്കാന്‍ പേരുകള്‍ ഒന്നോടിച്ചു നോക്കി... രാമചന്ദ്രന്‍, ഗോപാലകൃഷ്ണന്‍ മുതലായ ഇത്തിരി "വയസ്സുചെന്ന" പേരുകള്‍ക്കിടയില്‍ ഒരു "മനോജ്‌" കണ്ണില്‍ ഉടക്കി. ആ നമ്പറിനു നേരെയുള്ള കിടക്കയിലേക്ക് നോക്കിയപ്പോള്‍ കണ്ടത് എഴുന്നേറ്റിരുന്നു ജനലിലൂടെ പുറത്തേക്കു നോക്കി ഇരിക്കുന്ന ഒരാളെ. കൂടെ ആരും ഇല്ല. സ്ഥലം പോരാഞ്ഞിട്ട് വാര്‍ഡിന്റെ ചുമരിനടുത്തുള്ള ഇടനാഴിയില്‍ ആണ് ആ ബെഡ്. ഗ്രില്ലുകളില്‍ കൂടി അകത്തേക്ക് കുത്തിയൊഴുകുന്ന പുലരിവെട്ടത്തില്‍ എന്തൊക്കെയോ ചിന്തിച്ചു നിശ്ചലനായി ഇരിക്കുന്നു അയാള്‍. മീശ പോലും ശരിക്ക് മുളക്കാത്ത ഒരു കുട്ടി എന്നാണ്‌ എനിക്ക് ആദ്യം തോന്നിയത്. കൊള്ളാം, ഇന്ന് ഇവന്‍ തന്നെ ആകട്ടെ സബ്ജക്റ്റ്, ഒന്നുമില്ലെങ്കിലും സുന്ദരനെ അടുത്ത് നിന്നു കാണാമല്ലോ എന്ന്‌ എന്നിലെ പത്തൊന്‍പതുകാരിയുടെ കുസൃതിമനസ്സ് മന്ത്രിച്ചു. എന്നിട്ട് ഒരു ഡോക്ടറുടെ ഗൌരവം കഴിയുന്നത്ര മുഖത്ത് അണിഞ്ഞു കേസ് ഷീറ്റും എടുത്ത് മനോജിന്റെ അടുത്തേക്ക് ചെന്നു.

മനോജ്‌. തിരുവനന്തപുരത്തെ ഒരു ഉള്‍നാടന്‍ ഗ്രാമത്തിലാണ് അവന്റെ വീട്. 24 വയസ്സ് എന്ന്‌ പറഞ്ഞെങ്കിലും ഒരു പ്രീഡിഗ്രി വിദ്യാര്‍ഥിയുടെ മട്ടായിരുന്നു അവന്‌. മെലിഞ്ഞു നീണ്ട ശരീരവും പൊടിമീശയും ചിരിക്കുന്ന കണ്ണുകളും. "കൂടെ ആരും ഇല്ലേ" എന്ന ചോദ്യത്തിന് "ഭക്ഷണം കൊണ്ടുവരാന്‍ പോയിരിക്കുന്നു" എന്ന മറുപടി ആണ് കിട്ടിയത്. സംസാരം രോഗവിവരത്തിലേക്ക് കടന്നു. ഹൃദയ വാല്‍വുകളുടെ തകരാറാണ് അവന്റെ അസുഖം എന്ന്‌ കേസ് ഷീറ്റില്‍ നിന്നു ഞാന്‍ മനസ്സിലാക്കിയിരുന്നു. എങ്കിലും ഹിസ്റ്ററി ടെക്കിംഗ് ഇന്റെ ഔപചാരികതകള്‍ അനുസരിച്ചു ഞാന്‍ ഓരോ ചോദ്യങ്ങളായി തുടങ്ങി. പെട്ടെന്ന് അവന്‍ പുഞ്ചിരിച്ചുകൊണ്ട് എന്റെ പിന്നിലേക്ക്‌ നോക്കി, "അതാ വരുന്നു" എന്ന്‌ പറഞ്ഞു. കയ്യില്‍ ഒരു ചെറിയ തൂക്കുപാത്രവും ഒരു പൊതിയുമായി ഒരു സ്ത്രീ നടന്നും ഓടിയും വരുന്നു. ഭക്ഷണം വാങ്ങാന്‍ പോയ മനോജിന്റെ അമ്മയെ പ്രതീക്ഷിച്ചു നിന്ന എന്റെ മുന്നില്‍ കിതപ്പോടെ വന്നു നിന്നത് ഒരു പെണ്‍കുട്ടി. പതിനാറോ പതിനേഴോ വയസ്സുതോന്നിക്കുന്ന മുഖം. പരുത്തിസാരി ഉടുത്ത രീതിയില്‍ നിന്ന്‌ ആ വേഷത്തിലുള്ള അവളുടെ പരിചയക്കുറവു വ്യക്തമായിരുന്നു. ചെറിയതെങ്കിലും പുതിയ താലിമാലയും കമ്മലും സീമന്ത രേഖയില്‍ വാരിയണിഞ്ഞ സിന്ദൂരവും അവള്‍ ഒരു നവവധു ആണെന്ന് വിളിച്ചുപറഞ്ഞു. എന്നെ തീരെ ശ്രദ്ധിക്കാതെ, വിയര്‍പ്പു തുടക്കാന്‍ പോലും മിനക്കെടാതെ, വൈകിയതിലുള്ള കുറ്റബോധത്തില്‍ തുടുത്ത മുഖവുമായി അവള്‍ ഭക്ഷണം വിളമ്പാന്‍ തുനിഞ്ഞു. അവളെ തടഞ്ഞു മനോജ്‌ "ഇത് ഡോക്ടറാണ്" എന്ന്‌ പറഞ്ഞപ്പോഴാണ് അവള്‍ എന്റെ സാന്നിധ്യം അറിഞ്ഞത്. പെട്ടെന്ന് ആ കുട്ടി ആതിഥേയയും വീട്ടമ്മയുമായി. ക്ഷമാപണത്തോടെ എന്നെ ഇരിക്കാന്‍ ക്ഷണിച്ചു, "ചായ കുടിച്ചോ" എന്ന്‌ അന്വേഷിച്ചു. പ്രായത്തില്‍ കവിഞ്ഞ പക്വത കാണിക്കുന്ന ആ കുട്ടിയെ ഞാന്‍ കൌതുകപൂര്‍വ്വം നോക്കി നിന്നു. അന്നത്തെ കേസ് പ്രസന്റേഷന്‍ നടത്താനുള്ള സബ്ജക്റ്റ് എന്നതില്‍ നിന്നു മാറി അവര്‍ എന്റെ ആരൊക്കെയോ ആയ പോലെ. വല്ലാത്ത ഒരടുപ്പം. "നിങ്ങള്‍ കഴിക്കൂ ഞാന്‍ പിന്നെ വരാം" എന്ന്‌ പറഞ്ഞു ഞാന്‍ അന്നത്തെ ജോലിക്ക് വേറൊരു രോഗിയെ തെരഞ്ഞെടുത്തു.

പിന്നീട് സമയം ഉണ്ടാക്കി ചെന്നു കണ്ടു അവരെ. കേസ് ഹിസ്ടറി എടുക്കാന്‍ അല്ല, വെറുതെ സംസാരിക്കാന്‍. കൂടുതല്‍ അറിയാന്‍. അവരെന്നോട് പറഞ്ഞു അവരുടെ കഥ. ഇടയ്ക്കു ചിരിച്ചും ഇടയ്ക്കു കണ്ണ് നിറഞ്ഞും വിട്ടുപോയ കാര്യങ്ങള്‍ പരസ്പരം ഓര്‍മ്മിപ്പിച്ചും കളിയാക്കിയും നാണിച്ചും...

അയല്‍ക്കാരാണ്‌ അവര്‍. കുട്ടിക്കാലത്ത് മുതലുള്ള അടുപ്പം പിരിയാന്‍ വയ്യാത്ത സ്നേഹമായി വളര്‍ന്നു. സ്വാഭാവികമായും ഇരു വീട്ടുകാരുടെയും എതിര്‍പ്പുകള്‍. ചെറുത്തുനില്‍പ്പ്‌. അടികലശലുകള്‍. എന്തുവന്നാലും ഒന്നിച്ചു ജീവിക്കും എന്ന തീരുമാനം എടുത്തു കഴിയുന്ന നാളുകളിലൊന്നില്‍ മനോജിനു നെഞ്ചുവേദനയും ശ്വാസം മുട്ടലും. പരിശോധനകളുടെ അവസാനം ഹൃദയ വാല്‍വിന് തകരാറാണ് ഓപറേഷന്‍ വേണം എന്ന്‌ ഡോക്ടര്‍ പറഞ്ഞു. ശ്രീചിത്രയില്‍ പാവപ്പെട്ട രോഗികള്‍ക്ക് സൌജന്യ ശസ്ത്രക്രിയ നടത്തുന്ന പദ്ധതിയില്‍ രെജിസ്ടര്‍ ചെയ്തു. വര്‍ഷങ്ങളുടെ കാത്തിരിപ്പ്‌ വേണ്ടിവരും. രോഗികളുടെ അത്രയ്ക്ക് നീണ്ട ലിസ്റ്റ് ആണുള്ളത്. അന്ന് വരെ എങ്ങനെയെങ്കിലും പിടിച്ചു നില്‍ക്കണം. ഇടയ്ക്കിടയ്ക്ക് അസുഖം കൂടുമ്പോള്‍ ഇതുപോലെ മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റ്‌ ആകും കുറച്ചു ദിവസം കിടക്കും. രണ്ടു മൂന്നു തവണത്തെ ആശുപത്രി വാസം കഴിഞ്ഞപ്പോള്‍ ആ കുട്ടി പറഞ്ഞു "ഇനി ആശുപത്രിയില്‍ കിടക്കുമ്പോള്‍ കൂടെ ഞാന്‍ ഇരിക്കാം" എന്ന്‌. അങ്ങനെ രണ്ടു മാസം മുന്‍പൊരു നാള്‍, തനിക്കു പതിനെട്ടു തികഞ്ഞ ഉടനെ, മനോജിന്റെ മെല്ലിച്ച വിരലുകളില്‍ തന്റെ കൈ കോര്‍ത്ത്‌, അവന്റെ ഇടറിയ ഹൃദയ താളത്തിന് തന്റെ മനക്കരുത്ത്‌ കൊണ്ടു ശ്രുതി ചേര്‍ത്ത്‌ അവള്‍ ഇറങ്ങിവന്നു. മനോജിനു സ്വന്തമായുള്ള ഇത്തിരി മണ്ണില്‍ ഒരു കൊച്ചു വീടുണ്ടാക്കി അവിടെ താമസം തുടങ്ങി. എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട ഒരു കോണില്‍ തങ്ങളുടെ കൊച്ചു സ്വര്‍ഗത്തില്‍ അവര്‍ കഴിയുന്നു. മനോജ്‌ കൂലിപ്പണി എടുത്തു കിട്ടുന്ന പണം കൊണ്ട്.

പക്വത ഇല്ലാത്ത കുട്ടികളുടെ എടുത്തുചാട്ടമായും അനുസരണക്കേടായും നമുക്ക് നിരീക്ഷിക്കാം എങ്കിലും , അവരുടെ മുന്നില്‍ നിന്നപ്പോള്‍ എനിക്ക് അങ്ങനൊന്നും തോന്നിയില്ല.. മനോജിന്റെ വാക്കുകള്‍ ഏതാണ്ട് ഇങ്ങനെ ആയിരുന്നു:

"അറിയില്ല എത്ര നാള്‍ കിട്ടും എന്ന്‌... ഓപറേഷന്‍ വരെ ജീവിക്കുമോ ആവോ... ഇവള്‍ എത്ര നാളായി കാത്തിരിക്കുന്നു... അവസാനം അതിനൊരു അര്‍ത്ഥമില്ലാതെ വന്നാലോ... അതുകൊണ്ടാണ്.. ഒരു മാസമെങ്കില്‍ ഒരു മാസം.. ഒരാഴ്ച എങ്കില്‍ അത്രയും... ഒരുമിച്ചു കഴിയാമല്ലോ..."

തന്റെ പ്രിയപ്പെട്ടവന്റെ സ്നേഹം തുളുമ്പുന്ന വാക്കുകള്‍ അവള്‍ ഇങ്ങനെ പൂരിപ്പിച്ചു: "ജീവിക്കുന്നെങ്കില്‍ ഒന്നിച്ച്‌.. അല്ലെങ്കിലും...... ഒന്നിച്ച്‌.. ഞങ്ങള്‍ തീരുമാനിച്ചതാണ്".. അപ്പോള്‍ അവളുടെ കണ്ണുകളില്‍ കണ്ട അസാധാരണ തിളക്കം, അവള്‍ അര്ധോക്തിയില്‍ നിര്‍ത്തിയത് എന്താണെന്ന് എന്നോട് പറയാതെ പറഞ്ഞു. ഒരു തണുത്ത കൊള്ളിയാന്‍ എന്റെ തലച്ചോറില്‍ വീശി. ഈശ്വരാ ഈ കൊച്ചു കുട്ടി എത്ര ഉറപ്പോടെ ജീവിതത്തെയും മരണത്തെയും പറ്റി സംസാരിക്കുന്നു. ഇതല്ലേ, ഇത് തന്നെയല്ലേ സ്നേഹം. സത്യമായ, ശാശ്വതമായ സ്നേഹം...

അത്ര നാള്‍ ഒരു സ്വപ്നജീവിയും പുസ്തകപ്പുഴുവും ആയിരുന്ന എന്റെ മനസ്സില്‍ യഥാര്‍ത്ഥ ജീവിതത്തിലെ പ്രണയമോ അതുപോലെയുള്ള കാര്യങ്ങളോ ഒരിക്കലും കടന്നു വന്നിരുന്നില്ല. പ്രണയമെന്നത് എനിക്ക് ഫെയറി കഥകളിലും ക്ലാസ്സിക്‌ നോവലുകളിലും വായിച്ചറിഞ്ഞ അഭൌമമായ ഒരു അനുഭവം ആയിരുന്നു. ഫ്ലോരെന്റിനോ അരിസക്കും ഫെര്‍മിന ഡാസയ്ക്കും മാത്രം അറിയാവുന്ന, കാതെരിന്‍ എന്ഷായും ഹീത്ക്ളിഫും മാത്രം കടന്നു പോയിട്ടുള്ള എന്തോ ഒരു അജ്ഞാത അനുഭൂതി. ഈ ലോകത്തും, എനിക്ക് ചുറ്റുമുള്ള ഇവിടൊക്കെയും പ്രണയം ഉണ്ട്, പ്രണയിക്കുന്നവര്‍ ഉണ്ട് എന്ന്‌ എന്നെ മനസ്സിലാക്കിത്തന്നത് ഈയൊരു സംഭവം ആണ്. പ്രണയത്തെ കുറിച്ചുള്ള എന്റെ ആദ്യത്തെ അറിവും പ്രണയസങ്കല്പങ്ങളും ഉടലെടുത്തത് ഇവിടെ ആണെന്ന് ഞാന്‍ വിശ്വസിക്കുന്നു. അതുകൊണ്ടാണ് ഈ പ്രണയ ദിനത്തില്‍ ഞാന്‍ അവരെ ഓര്‍ക്കുന്നതും...

ഒരുപാട് വര്‍ഷങ്ങള്‍ക്കിപ്പുറം നിന്നു നോക്കുമ്പോള്‍ എന്തൊക്കെയാണ് ഞാന്‍ കാണുന്നത്.. പ്രണയം ഏറ്റെടുത്തു ആഘോഷിക്കുന്ന ചാനലുകള്‍. പ്രണയദിന ഓഫറുകള്‍ തരുന്ന ഷോപ്പിംഗ്‌ മാളുകള്‍, മൊബൈല്‍ കമ്പനികള്‍. വജ്രം പതിച്ച ഹൃദയലോക്കറ്റുകള്‍ വില്‍ക്കുന്ന സ്വര്‍ണക്കടകള്‍. പ്രണയ സന്ദേശങ്ങള്‍ ഒഴുകുന്ന ഓര്‍കുട്ടും ഫേസ്ബുക്കും. പ്രണയികളുടെ സ്നേഹനിമിഷങ്ങള്‍ കടിച്ചു കുടയുന്ന നീലപ്പല്ലുകള്‍. പെണ്‍കുട്ടികളുടെ വിശദീകരിക്കാനാകാത്ത തിരോധാനങ്ങള്‍. ആത്മഹത്യകള്‍. ഇതൊക്കെ ചേര്‍ന്നതാണോ പ്രണയം... എനിക്കറിയില്ല.

അറിയേണ്ട. പ്രണയം ഒരു മരുപ്പച്ച ആയിരിക്കട്ടെ. വെയിലില്‍ അഭയം നല്‍കുന്ന ഒരു കുടയായിരിക്കട്ടെ . വേദനയില്‍ മുഖം ചേര്‍ത്ത്‌ ആശ്വസിക്കാനുള്ള ഒരു ചുമല്‍ ആയിരിക്കട്ടെ. കല്ലിലും മുള്ളിലും ഇടറാതെ പിടിച്ചു നടത്തുന്ന ഒരു കൈത്തലം ആയിരിക്കട്ടെ. കാതില്‍ മന്ത്രിക്കുന്ന ഒരു ചെല്ലപ്പേര് ആയിരിക്കട്ടെ..

എനിക്ക് പ്രണയമെന്നത് തണലേകുന്ന ഒരു മരമാണ്... അങ്ങ് അടിത്തട്ടോളം വേരുകള്‍ ആഴ്ത്തി നില്‍ക്കുന്ന, ആകാശം മുഴുവന്‍ ചില്ലകള്‍ വിരിച്ചു നില്‍ക്കുന്ന ഒരു വന്‍മരം.
അല്ലാതെ ഇന്ന് വിരിഞ്ഞു നാളെ ഇതള്‍ കൊഴിയുന്ന ഒരു പിടി കടും ചുവപ്പ് റോസാപ്പൂക്കള്‍ അല്ല.

Tuesday, December 28, 2010

അമ്മ...!


സെപ്ടിക് ലേബര്‍ റൂം.
കേട്ടിട്ട് എന്ത് തോന്നുന്നു?
ഒരു തുരുമ്പിച്ച ബ്ലേഡില്‍ ചവിട്ടിയ പോലെ?


അതുതന്നെ.
സൂക്ഷിച്ചില്ലെങ്കില്‍ സെപ്ടിക് ആകുന്ന ഒരിടം ആണത്.


ഞങ്ങളുടെ SAT ആശുപത്രിയിലെ പ്രസവ വാര്‍ഡിന്റെ ഒരു എക്സ്റ്റന്‍ഷന്‍ ആണ് ഈ പറഞ്ഞ സ്ഥലം. സാധാരണ പ്രസവത്തിനു അഡ്മിറ്റ്‌ ചെയ്യുന്ന സ്ത്രീകളെ ഒരുപാട് തയ്യാരെടുപ്പുകള്‍ക്ക് വിധേയമാക്കാറുണ്ട്. കുഞ്ഞിനും അമ്മയ്ക്കും അണുബാധ ഉണ്ടാകരുതെന്ന ഉദ്ദേശത്തോടെ. പക്ഷെ എല്ലാ കേസുകള്‍ക്കും അത് നടപ്പിലാക്കാന്‍ പറ്റി എന്ന് വരില്ല. അടിയന്തര ഘട്ടങ്ങളില്‍ കൊണ്ടുവരുന്ന രോഗികള്‍, ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയും വാഹനത്തിലും പ്രസവിക്കുന്നവര്‍ ഉദാഹരണം. അങ്ങനെയുള്ള രോഗികളെ പ്രവേശിപ്പിക്കുന്ന വിഭാഗമാണ്‌ സെപ്ടിക് ലേബര്‍ റൂം. അവശ്യം വേണ്ട രക്തപരിശോധനകള്‍ പോലും നടത്താതെ വരുന്ന ഈ കേസുകള്‍ പ്രസവം എടുക്കുന്ന ഡോക്ടര്‍ക്ക് എപ്പോഴും റിസ്ക്‌ ആണ്. അതിനാല്‍ സാധാരണയില്‍ കൂടുതല്‍ ശ്രദ്ധയോടെ ആണ് ഞങ്ങള്‍ ഇവിടത്തെ രോഗികളോട് ഇടപെടുക. അഞ്ചു ദിവസം ഹൌസ് സര്ജ്ജന്മാര്‍ക്ക് SLR ഡ്യൂട്ടി ഉണ്ട്.

പകല്‍ ഡ്യൂട്ടി ഏതാണ്ട് അവസാനിക്കാറായപ്പോള്‍ ആണ് അവരെ കൊണ്ടുവന്നത്. പേരോ വയസ്സോ നാടോ ഒന്നും അറിയാത്ത ഒരു നാടോടി സ്ത്രീ. പ്രസവവേദനയില്‍ പുളഞ്ഞു വഴിയില്‍ കിടന്ന അവരെ സുമനസ്സുകള്‍ ആയ ചില ഓട്ടോ ഡ്രൈവര്‍മാര്‍ അത്യാഹിതവിഭാഗം വരെ എത്തിച്ചു. അവിടെനിന്നു സെപ്ടിക് ലേബര്‍ റൂമിലേക്ക്‌. SLR ഇല്‍ അധികം പേര്‍ ഇല്ലാതിരുന്നതുകൊണ്ട്‌ ഇത്തിരി നേരത്തെ പോകാമല്ലോ എന്ന ചിന്തയില്‍ സന്തോഷിച്ചിരുന്ന എന്നെ അരിശം കൊള്ളിച്ചുകൊണ്ട് ആ സ്ട്രെചെര്‍ന്റെ കരകര ശബ്ദവും അതിലും ഉച്ചത്തില്‍ അവരുടെ കരച്ചിലും ഇടനാഴിയില്‍ ഉയര്‍ന്നു കേട്ടു. കേസ് ഷീറ്റ്‌ എഴുതാന്‍ അധികം ഒന്നും ഉണ്ടായിരുന്നില്ല. എന്തോ ഒരു പേര് അവര്‍ പറഞ്ഞു, അതെഴുതി. ബാക്കി പേജുകള്‍ ശൂന്യം.
വന്നിട്ട് അധികം വൈകാതെ, എന്റെ പകല്‍ ഡ്യൂട്ടി തീരുന്നതിനു മുന്‍പ് തന്നെ അധികം കോലാഹലം ഒന്നും കൂടാതെ അവര്‍ പ്രസവിച്ചു. നാല് കിലോ അടുപ്പിച്ചു തൂക്കമുള്ള ഒരു മിടുക്കന്‍ ആണ്‍കുട്ടി. സമ്പന്നതയുടെ മടിത്തട്ടില്‍ നിന്നു വരുന്ന തരുണികള്‍, ആദ്യ മാസം മുതല്‍ പ്രോടീന്‍, വൈറ്റമിന്‍, അയണ്‍, കാത്സ്യം ഒക്കെ അളന്നു തൂക്കി കഴിച്ചിട്ടും ഭാരം തികയാത്ത കുഞ്ഞുങ്ങളെ പ്രസവിക്കുന്നത് സ്ഥിരമായി കാണുന്ന എന്നെ അതിശയിപ്പിച്ചു ആ കുഞ്ഞ്‌. അമ്മക്ക് ഉടന്‍ വേണ്ട പരിചരണം എല്ലാം ചെയ്തു അവര്‍ stable ആണെന്നുറപ്പ് വരുത്തിയ ഉടന്‍ ഞാന്‍ ആ കുഞ്ഞിന്റെ അടുത്തേക്ക് ചെന്നു. ഇളം ചുവപ്പ് പട്ടുതുണിയില്‍ പൊതിഞ്ഞ ഒരു പഞ്ഞിപ്പാവ പോലെ അവന്‍. ഉരുണ്ട കവിളുകളും കൈകാലുകളും സൂക്ഷിച്ചു തൊട്ടുനോക്കി. ആശുപത്രിയിലെ തന്നെ തുണികൊണ്ട് ആണ് അവനെ പുതപ്പിച്ചിരുന്നത്. റോസാപ്പൂ മൊട്ടുകള്‍ പോലെ ഉള്ള ആ കൈകള്‍ പിടിച്ചു മെല്ലെ നിവര്‍ത്തി നോക്കിയപ്പോള്‍ എന്തിനെന്നറിയാത്ത ഒരു ചെറു ഞെട്ടലോടെ ഞാന്‍ കണ്ടു, അവന്‌ ആറ്‌ വിരലുകള്‍ ആണ്... ഇരുകയ്യിലും ചെറുവിരലിനോട്‌ ചേര്‍ന്നു ഓരോ കുഞ്ഞി വിരല്‍ കൂടി.

ഡ്യൂട്ടി കഴിയാന്‍ സമയം ആയി എന്ന് സിസ്റ്റര്‍ പറഞ്ഞപ്പോള്‍ ആണ് നേരം എട്ടുമണി കഴിഞ്ഞത് ഞാന്‍ അറിഞ്ഞത്. പോകുന്നതിനു മുന്‍പ് വെറുതെ അവനെ ഒന്ന് എടുത്തു നെഞ്ചോട്‌ ചേര്‍ത്തു. എന്തോ പരതി അവന്‍ എന്റെ നേരെ മുഖം തിരിച്ചു. "അയ്യോ മോനെ ഇത് ഞാനാ.. നിന്റെ അമ്മ ഇപ്പൊ വരും, കേട്ടോ..." എന്ന് കളിയായി പറഞ്ഞു അവനെ തിരിച്ചു തൊട്ടിലില്‍ കിടത്തി ഗ്ലൌസും ഏപ്രനും മാറ്റി ഞാന്‍ അവിടെനിന്ന് ഇറങ്ങി.

രാത്രി ഉറങ്ങുന്നതിനു മുന്‍പ് റൂംമേറ്റ്‌ നോടും കൂട്ടുകാരോടും ഒക്കെ ഞാന്‍ അവരെപറ്റി പറഞ്ഞു. ആറ്‌ വിരലുള്ള സുന്ദരന്‍ വാവയെ രാവിലെ നേരത്തെ പോയി കാണണം എന്നോര്‍ത്താണ് അന്ന് ഞാന്‍ ഉറങ്ങിയത്.

രാവിലെ 8 മണിക്ക് വാര്‍ഡില്‍ ചെന്ന ഞാന്‍ കണ്ടത് ഒരു ഇളകിമറിഞ്ഞ അന്തരീക്ഷമാണ്. തലേന്നത്തെ SLR കേസിനെ വാര്‍ഡിലേക്ക് മാറ്റിയിരിക്കുന്നു. മനസ്സിന് സ്ഥിരതയില്ലാത്ത ആ സ്ത്രീ കുഞ്ഞിനെ ശ്രദ്ധിക്കുകയോ അതിനു പാല്‍ കൊടുക്കുകയോ ചെയ്തിട്ടില്ല. എന്തിന്, താന്‍ ഒരു കുഞ്ഞിനു ജന്മംനല്‍കി എന്നുപോലും അവര്‍ അറിഞ്ഞുവോ എന്ന് സംശയം... സിസ്റ്റര്‍മാര്‍ നല്‍കിയ വസ്ത്രങ്ങള്‍ നേരെ ധരിക്കാതെ അവര്‍ ആ വാര്‍ഡില്‍ ആകെ അലഞ്ഞു നടക്കുന്നു. എന്തൊക്കെയോ തനിയെ സംസാരിക്കുന്നു. ചിരിക്കുന്നു. മറ്റുള്ള രോഗികളുടെ ശാപവാക്കുകള്‍, ആശുപത്രി ജീവനക്കാരുടെ ശകാരങ്ങള്‍, കൂട്ടിരിപ്പുകാരും കാഴ്ചക്കാരും ആയി നോക്കിനില്‍ക്കുന്നവരുടെ അത്ര സഭ്യമല്ലാത്ത കമന്റുകള്‍ ഇതൊക്കെ തന്നെ ലക്ഷ്യമാക്കി ആണെന്ന് യാതൊരു ധാരണയും ഇല്ലാതെ ആ പാവം സ്ത്രീ തന്റേതായ ഏതോ ലോകത്ത് നമുക്ക് കാണാനാകാത്ത എന്തൊക്കെയോ കണ്ടും കേട്ടും മിണ്ടിയും അങ്ങനെ...

തലക്കടിയേറ്റ പോലെ കുറേനേരം സ്തബ്ധയായി നിന്ന ഞാന്‍ കുറച്ചുകഴിഞ്ഞു അന്വേഷിച്ചു "എവിടെ അവരുടെ കുഞ്ഞ്‌" എന്ന്. പാല്‍ കിട്ടാതെ ഏറെ നേരം കരഞ്ഞു തളര്‍ന്ന അവനെ ഗ്ലൂക്കോസും പാല്‍പൊടി കലക്കിയതും കൊടുത്തു നേഴ്സറിയില്‍ കിടത്തിയിരിക്കുകയാണെന്നു കേട്ടു. പിന്നെ ദിവസത്തിന് തിരക്കേറിയപ്പോള്‍, വേറെ നൂറായിരം കാര്യങ്ങള്‍ തലയില്‍ നിറഞ്ഞപ്പോള്‍ ഞാന്‍ അവരെയും ആ കുഞ്ഞിനേയും മറന്നു. വൈകുന്നേരം കേട്ടു ആ സ്ത്രീ ആശുപത്രിയില്‍ നിന്നും ഇറങ്ങിപ്പോയി എന്ന്. ആരും ഇല്ലാത്ത ആ കുഞ്ഞിനെ എന്ത് ചെയ്തു കാണും? ആരെങ്കിലും അവനെ സ്വന്തം കുഞ്ഞായി എടുത്തു കാണുമോ? അതോ ഏതെങ്കിലും അനാഥാലയം? ശിശുക്ഷേമ സമിതി?

ആരുമില്ലാത്ത കുഞ്ഞുങ്ങളെ എവിടെ കണ്ടാലും ഞാന്‍ അവരുടെ കൈകളിലേക്ക് നോക്കും, വല്ലാത്തൊരു ആകാംക്ഷയോടെ... ആറ്‌ വിരലുള്ള, റോസാപ്പൂ മൊട്ടുപോലുള്ള കുഞ്ഞിക്കൈകള്‍ മനസ്സിന്റെ വിരലുകള്‍ കൊണ്ട് ഞാന്‍ വീണ്ടും തൊടും.


ഓര്‍മ്മയില്‍ ഇന്നും ഉണ്ട്, എടുത്തു ചേര്‍ത്തുപിടിച്ചപ്പോള്‍, അവന്‍ അമ്മയെ എന്റെ നെഞ്ചില്‍ പരതിയപ്പോള്‍ ആദ്യമായി ഞാന്‍ അറിഞ്ഞ ആ വിങ്ങല്‍. "അമ്മ" എന്ന ആ കനമുള്ള നോവ്‌.

കഴിഞ്ഞ പോസ്റ്റില്‍ ഞാന്‍ എഴുതീരുന്നു, മനുഷ്യന്‍ എത്ര മനോഹരമായ ഒന്നാണെന്ന്. ശരിക്കും അങ്ങനെയാണോ.. എനിക്കറിയില്ല. ആ പാവപ്പെട്ട സ്ത്രീയുടെ ദുരവസ്ഥക്ക് കാരണക്കാരായവര്‍ ഒരു കളങ്കവും ഏശാത്ത പൊതുജീവിതം നയിക്കുകയാവും അന്നും ഇന്നും... ഒരു നിമിഷനേരത്തേക്കെങ്കിലും തനിക്കു സന്തോഷം നല്‍കിയ സഹജീവിയെ ഇങ്ങനെ ഒരു പതനത്തില്‍ ആക്കിയിട്ടു കടന്നുകളയാന്‍ മനുഷ്യനല്ലാതെ വേറെ ഏതെങ്കിലും ജീവിക്ക് കഴിയുമോ? സ്വാര്‍ത്ഥതയും വഞ്ചനയും ജന്തുലോകത്തു മറ്റെവിടെയെങ്കിലും കാണാന്‍ കിട്ടുമോ?

പുതുവര്‍ഷാഘോഷങ്ങളുടെ ഈ വേളയില്‍ ഇങ്ങനെയൊരു കുറിപ്പ് അസ്ഥാനത്തായോ..? നിങ്ങളുടെ ഉല്ലാസം അല്പമെങ്കിലും ഞാന്‍ കെടുത്തിയോ?

ഒത്തിരി ചിരിയുടെ കൂടെ ഇത്തിരി ചിന്തയും കൂടി ആകാം എന്നേ ഞാന്‍ കരുതിയുള്ളൂ. ഒന്നാം തിയതി കസവുമുണ്ടുടുത്തും "നാളികേരത്തിന്റെ നാട്ടില്‍" ഡയലര്‍ ടോണ്‍ ആയി വെച്ചും മലയാളത്തനിമയില്‍ ഊറ്റം കൊള്ളുമ്പോള്‍ വല്ലപ്പോഴും ഓര്‍ക്കുക, നമ്മുടെ സംസ്കാര സമ്പന്നമായ നാട് ഇങ്ങനെയൊക്കെയും കൂടി ആണ്....

Friday, December 10, 2010

മറ്റൊരു കൊച്ചോര്‍മ്മ


വാച്ചില്‍ ഒന്നുകൂടി നോക്കി നടത്തയുടെ വേഗം കൂട്ടി. നിയോണ്‍ വെളിച്ചത്തില്‍ അമ്മയും കുഞ്ഞും പ്രതിമ തലയുയര്‍ത്തി നിന്നു. എത്തിപ്പോയി. വൈകിയിട്ടില്ല. എട്ടാവാന്‍ ഇനിയുമുണ്ട് അഞ്ചു മിനിട്ടോളം.

സ്ത്രീകളുടെയും കുട്ടികളുടെയും കേരളത്തിലെ ഏറ്റവും വലിയ ആശുപത്രികളില്‍ ഒന്നായ SAT . ഏറ്റവും തിരക്കേറിയ ലേബര്‍ റൂം. രാവിലെ എട്ടു മുതല്‍ ജോലി ചെയ്യുന്ന എന്റെ കൂട്ടുകാരെ ഞങ്ങള്‍ ചെന്ന് റിലീവ് ചെയ്യണം രാത്രി എട്ടു മണിക്ക്. തുടര്‍ച്ചയായി 15 ദിവസം പകലും പിന്നെ 15 ദിവസം രാത്രിയുമാണ് ലേബര്‍ റൂമില്‍ ഹൌസ് സര്‍ജജന്മാരുടെ ജോലി. ഒരു മാസം കഴിയുമ്പോഴേക്ക് ഒരു അടിസ്ഥാന ഡോക്ടര്‍ ഗൈനക്കോളജി യില്‍ നേടേണ്ട എല്ലാ പ്രായോഗിക അറിവുകളും പഠിച്ചിരിക്കും എന്നുറപ്പുണ്ടിവിടെ. കാരണം തെക്കന്‍ കേരളത്തിലെ ഗൈനക് കേസുകള്‍ അവസാന referral ആയി എത്തുന്നത് ഇവിടെയാണ്‌. കാണുന്നത് ഏറെയും പ്രയാസമുള്ള കേസുകള്‍. ദിവസങ്ങള്‍ അതുകൊണ്ട് തന്നെ കഠിനം. കൂടെ ഉള്ളവര്‍ ആണ്‍കുട്ടികള്‍ ആണ്. അവര്‍ക്ക് യാതൊരു താല്‍പര്യവും ഇല്ലാത്ത ഇടമാണിത്. മിക്കപ്പോഴും ഒന്ന് രണ്ടു പേര്‍ "മുങ്ങും". ഫലം അധിക ജോലി എനിക്ക്.


ചിന്തയില്‍ മുഴുകി ഇടനാഴിയിലൂടെ ലേബര്‍ റൂം ലക്ഷ്യമാക്കി വേഗം നടന്ന ഞാന്‍ "ഡോക്ടറേ" എന്ന വിളി ആദ്യം ശ്രദ്ധിച്ചില്ല. (പുതുതായി കേട്ടുതുടങ്ങിയ ആ വിളിയുമായി ഞങ്ങളുടെ കാതുകള്‍ പരിചയിച്ചു വരുന്നതെയുള്ളു താനും). പെട്ടെന്ന് പിന്നെയും ഡോക്ടറേ എന്ന് വിളിച്ചു ഒരു പെണ്‍കുട്ടി എന്റെ പിന്നാലെ ഓടി വന്ന്‌ മുന്നില്‍ കയറി നിന്നു ചിരിച്ചു. തലയില്‍ നിന്നു ഊര്‍ന്നു വീഴുന്ന ഷാള്‍ നേരെ പിടിച്ചിട്ടു കൊണ്ട് " എന്നെ മനസ്സിലായില്ലേ" എന്ന ചിരി. ഞാനും ചിരിച്ചു, അതിവേഗം ഓര്‍മ്മയില്‍ പരതിക്കൊണ്ട്. ഇതാര്? ഒരു പിടിയും കിട്ടുന്നില്ല. അവളാകട്ടെ സന്തോഷം കൊണ്ട് മതിമറന്നു എന്ത് പറയണം എന്നറിയാതെ കുഴങ്ങുന്നു. എനിക്ക് പിന്നിലേക്ക്‌ നോക്കി ആരെയോ വിളിക്കുന്നു, "ഇക്കാ ഇക്കാ ദാണ്ടേ നമ്മളെ ഉമ്മാടെ ഡോക്ടര്‍" എന്ന്. 'ഇവര്‍ക്ക് ആള് മാറിയത് തന്നെ' എന്നുറപ്പിച്ചു ഞാന്‍ നില്‍ക്കവേ, ഒരു പെണ്‍ സഹജമായ ലജ്ജയോ ഇന്‍ഹിബിഷന്‍ ഓ ഇല്ലാതെ ഉറക്കെ വിളിച്ചു പറയുന്നു ആ കുട്ടി: "ഡോക്ടര്‍ മറന്നു പോയോ ഞങ്ങളെ? രണ്ടാം വാര്‍ഡില്‍ ഞങ്ങടെ ഉമ്മാ കിടന്നപ്പോ രാത്രി മുഴുവന്‍ നോക്കിയത്?" എന്നിട്ട് പകുതി എന്നോടും ബാക്കി അവിടെ ഞങ്ങളെ കൌതുകപൂര്‍വ്വം നോക്കി നില്‍ക്കുന്നവരോടുമായി " അന്ന് ഈ ഡോക്ടറല്ലേ ഉമ്മാടെ ജീവന്‍ രക്ഷിച്ചത്‌.. ഇത്തിരി പോലും ഉറങ്ങീല പാവം അന്ന്..." അങ്ങനെ എന്തൊക്കെയോ.

പെട്ടെന്ന് എനിക്ക് ഓര്‍മ്മവന്നു എല്ലാം. രണ്ടു മാസം മുന്‍പത്തെ മെഡിസിന്‍ പോസ്റ്റിങ്ങ്‌. അഡ്മിഷന്‍ ദിവസത്തെ നൈറ്റ്‌ ഡ്യൂട്ടി ആണെനിക്ക്‌, സ്ത്രീകളുടെ വാര്‍ഡില്‍. പ്രമേഹം ഗുരുതരമായി അബോധാവസ്ഥയില്‍ കൊണ്ട് വന്ന ഒരു രോഗി. "കീറ്റോസിസ്" എന്ന അവസ്ഥ. തീവ്രമായ പരിചരണവും സൂക്ഷ്മ നിരീക്ഷണവും ആവശ്യമായ ഒരു രോഗാവസ്ഥ ആണത്. കീറ്റോസിസ് മാനേജ്‌മന്റ്‌ എന്ന ഒരു പ്രത്യേക അധ്യായം തന്നെ ഉണ്ട്. അതനുസരിച്ച് ഓരോ അരമണിക്കൂറും രോഗിയുടെ മൂത്രവും ഒന്ന് രണ്ടു മണിക്കൂര്‍ ഇടവിട്ട്‌ രക്തവും പരിശോധിച്ച് ഇന്‍സുലിനും മരുന്നുകളും ഡ്രിപ് ഉം അഡ്ജസ്റ്റ് ചെയ്തു ശരീരത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തില്‍ കൊണ്ട് വരണം.
ഈ രോഗി (കഷ്ടമെന്നു പറയട്ടെ അവരുടെ പേര് ഞാന്‍ ഓര്‍ക്കുന്നില്ല) അങ്ങനെ എനിക്ക് ഒരു ശിവരാത്രി സമ്മാനിച്ചു. കീറ്റോസിസ് കേസ് വാര്‍ഡില്‍ ഉണ്ടെങ്കില്‍ അങ്ങനെയാണ്; ഹൌസ് സര്‍ജ്ജന് ഉറങ്ങാന്‍ പറ്റില്ല. രാത്രി രണ്ടു മണിയായി.. അഡ്മിഷന്‍ വരവുകള്‍ നന്നേ കുറഞ്ഞു. സിസ്റ്റര്‍മാര്‍ പതുക്കെ ഉറങ്ങാന്‍ ഒരുങ്ങി. ലൈറ്റുകള്‍ അണഞ്ഞു, രോഗികള്‍ മയങ്ങി. ഞാനും ഒരു കീറ്റോസിസ് രോഗിയും മാത്രം ബാക്കി. വാച്ച് നോക്കി നോക്കി അരമണിക്കൂര്‍ കൂടുമ്പോള്‍ അവരുടെ കത്തീറ്റര്‍ തുറന്നു സാമ്പിള്‍ എടുത്തു ഹൌസ് സര്ജ്ജന്‍സ് ലാബില്‍ കൊണ്ട് പോയി കീറ്റോണ്‍ ടെസ്റ്റ്‌ ചെയ്തു തിരിച്ചു വന്ന്‌ ഇന്‍സുലിന്‍ അഡ്ജസ്റ്റ് ചെയ്തും അത് റെക്കോര്‍ഡ്‌ ചെയ്തും വീണ്ടും ഈ പ്രക്രിയ ആവര്‍ത്തിച്ചും അങ്ങനെ നേരം വെളുത്തു. രാവിലെ റൌണ്ട്സ് നു യൂണിറ്റ്‌ എത്തിയപ്പോള്‍ തലേന്ന് ബോധരഹിതയായി വന്ന ആ സ്ത്രീ കിടക്കയില്‍ എണീറ്റിരുന്നു കാപ്പി കുടിച്ചു ബന്ധുക്കളോട് സംസാരിക്കുന്ന അവസ്ഥയില്‍ ആയിക്കഴിഞ്ഞിരുന്നു.
അന്ന് എനിക്കത് വലിയ കാര്യമായി തോന്നിയില്ല. "കുരിശ്‌, അവസാനം കീറ്റോണ്‍ നെഗറ്റീവ് ആയല്ലോ, വഴക്ക് കിട്ടാതെ രക്ഷപ്പെട്ടു ഭാഗ്യം". ഇങ്ങനെയൊരു ചിന്തയല്ലാതെ മറ്റൊന്നും എന്റെ മനസ്സില്‍ വന്നില്ല. ഒരു ക്ലാര്‍ക്ക് ഫയലുകള്‍ നീക്കുന്ന പോലെ, ഒരു അധ്യാപിക ലെക്ചര്‍ എടുത്തു തീര്‍ക്കുന്ന പോലെ അതെന്റെ ജോലിയുടെ ഒരു ഭാഗം. അത്രതന്നെ.
പക്ഷെ ആ രാത്രി മുഴുവന്‍, തന്റെ പ്രിയപ്പെട്ട അമ്മയെ ഉറക്കമില്ലാതെ പരിചരിക്കുന്ന ഡോക്ടറെ സശ്രദ്ധം നിരീക്ഷിച്ച്‌ അവരുടെ കിടക്കയ്ക്കരികില്‍ ഇരുന്ന ആ പെണ്‍കുട്ടിയെ ഞാന്‍ ശ്രദ്ധിച്ചതെയില്ല. "കീറ്റോണ്‍ നെഗറ്റീവ്" എന്ന റിസള്‍ട്ട്‌ വരികയും രോഗി ബോധം തെളിഞ്ഞു എഴുന്നേല്‍ക്കുകയും ചെയ്ത ഉടന്‍ ആശ്വാസവും സന്തോഷവും ഡ്യൂട്ടി നേഴ്സ്നോട് പങ്കു വെച്ച് റൌണ്ട്സ് എത്തുന്നതിനു മുന്‍പ് ഒരു കോഫി കുടിക്കാന്‍ നെസ്കേഫെ മെഷീന്‍ ന്റെ അടുത്തേക്ക് ഓടുകയാണ് ഞാന്‍ ചെയ്തത്.
വളരെക്കാലം മറവിയില്‍ മുങ്ങിക്കിടന്ന ഈ കൊച്ചു സംഭവം ഞാന്‍ ഇപ്പോള്‍ ഓര്‍ത്തത്, ഈയിടെ എന്റെ അച്ഛന്‍ ഹൃദയ ശസ്ത്രക്രിയക്കായി ആശുപത്രിയില്‍ കിടന്നപ്പോഴാണ്‌. ഓപറേഷന്‍ ചെയ്യുന്നത് ഞാന്‍ പഠിച്ച കോളേജില്‍. ചീഫ് സര്‍ജ്ജന്‍മാരില്‍ രണ്ടാമന്‍ എന്റെ ക്ലാസ്സ്മേറ്റ്. എങ്കിലും, എന്റെ അച്ഛന്‍ തിയേറ്റര്‍ലേക്ക് നീങ്ങി, വാതിലുകള്‍ ഒന്നൊന്നായി ആ സ്ട്രെചെര്‍ നു പിന്നില്‍ അടഞ്ഞു തീര്‍ന്നപ്പോള്‍ മുതല്‍ ഞാന്‍ അനുഭവിച്ച മാനസികസമ്മര്‍ദ്ദം... നേരെ നില്‍ക്കാന്‍ ശക്തിയില്ലാതെ ഒരു കസേരയില്‍ ചാഞ്ഞു സ്വന്തം ഹൃദയമിടിപ്പുകള്‍ എണ്ണി കണ്ണിമയ്ക്കാതെ ഞാന്‍ ഇരുന്ന മണിക്കൂറുകള്‍... സര്‍ജ്ജറി കഴിഞ്ഞു ആദ്യമായി കാണാന്‍ എന്നെ അനുവദിച്ചപ്പോള്‍ "അമ്മ എവിടെ" എന്ന് ചോദിച്ച അച്ഛന്റെ ശബ്ദം...

ഇന്ന് ഞാന്‍ തിരിച്ചറിയുന്നു , ആ കുട്ടിയുടെ അന്നത്തെ മനസ്സ്. പ്രിയപ്പെട്ടവരുടെ ജീവന്‍ ദൈവത്തിന്റെ കൈകളില്‍ ആകുന്ന നേരത്തെ ചങ്കിടിപ്പ്...

മനുഷ്യന്‍. ബന്ധങ്ങള്‍. സ്നേഹം. എല്ലാം എത്ര സുന്ദരമാണ്... നമ്മെ സ്നേഹിക്കാന്‍, നമുക്ക് വേണ്ടി കാത്തിരിക്കാന്‍, വേദനിക്കാന്‍, സ്വന്തമായി ആരെങ്കിലും ഉണ്ടാവുക എന്നത് എത്ര വലിയ ഭാഗ്യമാണ്....

(വാല്‍ക്കഷണം: ആ പെണ്‍കുട്ടിയുടെ ഇക്കായുടെ ഭാര്യ ലേബര്‍ റൂമില്‍ ഉണ്ടായിരുന്നു. അന്ന് രാത്രി അവരുടെ ഡെലിവറി അറ്റന്‍ഡ് ചെയ്യാനും എനിക്ക് കഴിഞ്ഞു)

Wednesday, December 1, 2010

A CONFESSION....


മൂന്നാം വര്‍ഷം. ഞാനെന്ന അന്തര്‍മുഖയായ പുസ്തകപ്പുഴു ആദ്യമായി മറ്റൊരാളോട് (അ)സുഖവിവരങ്ങള്‍ തിരക്കുന്നത് അന്നാണ്. മനുഷ്യ ശരീരത്തിന്റെ ഘടനയും പ്രവര്‍ത്തനവും അക്ഷരാര്‍ത്ഥത്തില്‍ തലനാരിഴ "കീറി" പഠിച്ച രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം, ആശുപത്രിക്കിടക്കയിലെ ജീവനുള്ള മനുഷ്യരുമായി മുഖാമുഖം. വളരെ പണിപ്പെട്ടു തുടക്കത്തില്‍. History Taking എന്ന കല നിസ്സാരമായ ഒന്നല്ല എന്ന് മനസ്സിലാക്കിയ നാളുകള്‍. മുന്നില്‍ ഇരിക്കുന്ന മനുഷ്യന്റെ വിശ്വാസം നേടിയെടുത്തു പരമാവധി വിവരങ്ങള്‍ അയാളെക്കൊണ്ട് പറയിക്കാനുള്ള പെടാപ്പാട്. ചീഫ് മുതല്‍ അവസാന വര്‍ഷ വിദ്യാര്‍ഥി വരെ അടങ്ങിയ യൂണിറ്റിലെ മുതിര്‍ന്നവര്‍ക്ക് മുന്നില്‍ അത് വായിച്ചു കേള്‍പ്പിക്കുന്ന, Case Presentation എന്ന പേടിസ്വപ്നം. റാഗിംഗ് ന്റെ ബാക്കി എന്നോണമുള്ള "ചൊറി" കള്‍, പരിഹാസങ്ങള്‍ അങ്ങനെ ഒരു പരീക്ഷണ കാലം.

സുഭാഷ്‌ എന്നായിരുന്നു അവന്റെ പേര്. എനിക്ക് അനുവദിച്ചു തന്ന പത്ത് കിടക്കകളില്‍ ഒരു കേസ്. പതിനെട്ടു- പത്തൊന്‍പത്‌ വയസ്സ്. ഒറ്റ മകന്‍. കൂലിപ്പണിക്കാരനായ അച്ഛന്‍. വൈകിട്ട് വാര്‍ഡില്‍ വരും. അമ്മ മുഴുവന്‍ സമയവും അവനോടൊപ്പം. പനിയാണ് അവന്‌. മരുന്നു കഴിച്ചിട്ട് മാറാതെ വളരെ നാളുകളായി ശല്യം ചെയ്യുന്ന പനി. വന്ന ദിവസം മുതല്‍ ടെസ്റ്റുകള്‍.. പരിശോധനകള്‍.. രാവിലത്തെ റൌണ്ട്സ് സമയത്ത് നീണ്ടു നീണ്ടു പോകുന്ന ചര്‍ച്ചകള്‍. മൂന്നാം വര്‍ഷ വിദ്യാര്‍ഥിക്ക് എല്ലാം കണ്ടുനില്‍ക്കാനേ ആവൂ. കണ്ടും കേട്ടും പഠിക്കുക. പരമശ്രേഷ്ടമായ വിശുദ്ധ ശാസ്ത്രം. ദൈവത്തിന്റെ വാക്കുകള്‍ പോലെ കാതില്‍ വീഴുന്ന അധ്യാപകന്റെ മൊഴികള്‍ പകര്‍ത്തി ഉരുക്കഴിച്ചു നില്‍ക്കുന്ന വിധേയത്വം.

രാവിലത്തെ ബഹളവും ഉച്ചക്കത്തെ തിയറി ക്ലാസ്സും കഴിഞ്ഞു വൈകിട്ട് വീണ്ടും ഞാന്‍ വാര്‍ഡില്‍ വന്നു സുഭാഷിന്റെ അടുത്തിരുന്നു. "ഇന്ന് കുറവുണ്ട്, അല്ലേ മോളെ?" എന്ന് ആ അമ്മ പ്രതീക്ഷ തിളങ്ങുന്ന കണ്ണുകളോടെ എന്നോട് എന്നും ചോദിക്കും. കുറവില്ല എന്ന് കാണിക്കുന്ന പനി ചാര്‍ട്ട് വരച്ച കേസ് ഷീറ്റ്‌ നെഞ്ചോട്‌ ചേര്‍ത്ത് പിടിച്ചു നിന്നു ഞാന്‍ ഒരു വിഡ്ഢിയെപ്പോലെ തലയാട്ടി സമ്മതിക്കും.

പരിശോധനകളുടെ കടുപ്പം കൂടി. മരുന്നുകളുടെ വിലയും. വീട്ടില്‍ നിന്നു തന്ന പോകെറ്റ് മണി എടുത്തു പല തവണ അവരെ സഹായിച്ചു. ശക്തമായ മരുന്നുകള്‍ രക്തക്കുഴലിലേക്ക് ഇരച്ചു കയറുമ്പോള്‍ അവന്റെ മുഖം ചുവക്കുന്നതും ചെവിക്കടുത്തുള്ള ഞരമ്പുകള്‍ പിടക്കുന്നതും ഞാന്‍ കണ്ടു. ഇടയ്ക്കിടെ അവന്റെ ബോധം മറഞ്ഞു. അപസ്മാരത്തിന്റെ ലക്ഷണങ്ങള്‍ പോലെ... ഒരു ജൂനിയര്‍ വിദ്യാര്‍ഥിയുടെ അറിവിന്റെ പരിമിതികള്‍... കണ്ടു നില്‍ക്കാനും മുകളില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ അനുസരിക്കാനും മാത്രമേ എനിക്ക് അനുവാദമുള്ളൂ.

ആശുപത്രിയില്‍ വന്നു രണ്ടാഴ്ച കഴിഞ്ഞൊരു നാള്‍ സുഭാഷിന്റെ കണ്ണുകള്‍ മേലേക്ക് മറിയുന്നതും ചുണ്ട് കോടുന്നതും പകച്ചു നോക്കി ഞാന്‍ നിന്നു. അവന്റെ ബോധം തീര്‍ത്തും മറഞ്ഞു. ഇനി തിരിച്ചു വരാന്‍ പറ്റാത്ത വിധം അവന്റെ ശിരോനാഡികള്‍ തളര്‍ന്നു. ഒരു വെളിപാട് പോലെ പൊടുന്നനെ യൂണിറ്റില്‍ ആരോ അരുളിച്ചെയ്തു.. ടി.ബി. meningitis ? ധൃതഗതിയില്‍ ടെസ്റ്റുകള്‍ നടത്തി. എല്ലാം ടി.ബി പോസിറ്റീവ് ആണെന്ന് തെളിയിച്ചു. പക്ഷെ ഞങ്ങള്‍ വളരെ, വളരെ വൈകിയിരുന്നു. നേരിയ ഒരു പനിയുമായി നടന്നു വന്ന്‌ കിടക്കയില്‍ ഇരുന്നു ഓറഞ്ച് അല്ലികള്‍ പൊളിച്ചു തിന്നുകൊണ്ട്‌ അവന്റെ പനിയുടെ കഥ ഒരു ചെറുചിരിയോടെ എന്നെ പറഞ്ഞു കേള്‍പ്പിച്ച ആ കുട്ടി ഒരു ഓക്സിജന്‍ മാസ്കിലേക്ക് തന്റെ അവസാന ശ്വാസം ഉച്ച്വസിച്ചു എന്റെ കണ്മുന്നില്‍ നിശ്ചലനായി.

ടി.ബി. എന്ന സര്‍വ്വസാധാരണമായ, ഏതാനും ഗുളികകള്‍ കൊണ്ട് നിസ്സാരമായി സുഖപ്പെടുത്താവുന്ന ആ രോഗം എന്തുകൊണ്ട് മെഡിക്കല്‍ കോളേജ് പോലെയുള്ള ഒരു സ്ഥാപനം കണ്ടെത്തിയില്ല? ആര്‍ക്കാണ് തെറ്റിയത്? എനിക്കും കൂടി അല്ലേ? സ്വയം മാപ്പ് കൊടുക്കാന്‍ എനിക്കിന്നും കഴിയാത്ത മഹാപരാധം.

ജീവനറ്റ മിഴികളില്‍ ശൂന്യമായ ഒരു നോട്ടവുമായി വെറും തറയില്‍ ആ അമ്മ മരവിച്ച് ഇരുന്നു. അവിടവിടെ കൂടിനിന്ന ആളുകള്‍ക്കിടയില്‍ എന്നെ തെരഞ്ഞുപിടിച്ച് അവന്റെ അച്ഛന്‍ അരികിലേക്ക് വന്ന്‌ എന്റെ കൈ പിടിച്ചു എന്തോ വിരലുകള്‍ക്കിടയില്‍ ബലമായി തിരുകി, തിരിഞ്ഞു നടന്നു. പലപ്പോഴായി മരുന്നു വാങ്ങാന്‍ ഞാന്‍ അവര്‍ക്ക് കൊടുത്ത പണം... തിരിഞ്ഞൊന്നു നോക്കാതെ, തല ഉയര്‍ത്താതെ, മകന്റെ ശരീരം വഹിച്ച സ്ട്രെചെര്‍ നു പിന്നാലെ നടന്നു പോകുന്ന ആ മനുഷ്യനെ നോക്കി ഞാന്‍ തറഞ്ഞു നിന്നു, നെഞ്ചില്‍ കുരുങ്ങിയ ഒരു നിലവിളിയുമായി.

ഓര്‍മ്മകള്‍ക്ക് ആശുപത്രിമണം...


മരുന്നു കുറിക്കാന്‍ മാത്രം പേന എടുക്കുന്ന ഡോക്ടര്‍മാര്‍ ആണധികം. പുനത്തില്‍ കുഞ്ഞബ്ദുള്ള, വല്യത്താന്‍ സാര്‍ ഇവരെ ഒന്നും മറന്നുകൊണ്ടല്ല പറയുന്നത് എങ്കിലും... ഒരു ഡോക്ടര്‍ക്ക് ഓര്‍ക്കാന്‍ എന്തൊക്കെയാണ്.... ഞാന്‍ ഇവിടെ പറയുന്നതിനേക്കാള്‍ സുന്ദരവും ശക്തവും ആയ ഓര്‍മ്മകള്‍ എല്ലാ ഡോക്ടര്‍ മാര്‍ക്കും ഉണ്ടാകും. മറ്റുള്ളവരോട് പറയാനോ എഴുതാനോ ഉള്ള സമയം കണ്ടെത്തുക എന്നതാണ് ഏറ്റവും പ്രയാസമേറിയ കാര്യം. ഒരു വൈദ്യ വിദ്യാര്‍ഥി ആയിരുന്ന കാലം മുതലുള്ള ചെറു ചെറു ഓര്‍മ്മകള്‍ ആണ് ഞാന്‍ ഇവിടെ കുറിക്കുന്നത്. വേദന വിരിച്ച വഴികളിലൂടെ ഞാന്‍ നടന്ന പത്തിലേറെ വര്‍ഷങ്ങള്‍. ഓര്‍ക്കാന്‍ എന്തൊക്കെ. എത്ര മുഖങ്ങള്‍. ശബ്ദങ്ങള്‍. എല്ലാം ഒന്നും പകര്‍ത്ത്താനാകില്ല. എങ്കിലും ചിലത്. ഓര്‍മ്മയില്‍ ഉരുകി ചേര്‍ന്നു പോയ ചില അനുഭവങ്ങള്‍ ഞാന്‍ ഇവിടെ വരച്ചിടട്ടെ. അവ മറവിയില്‍ ആണ്ടു പോകുന്നതിനു മുന്‍പ്....