Monday, February 14, 2011

എന്റെ തണല്‍മരം


My dear friend PRAJESH has designed my previous post so beautifully and sent me...
I am so happy...
Just wanted to share it with you...!!

Saturday, February 12, 2011

ധ്രുവമിഹ മാംസനിബദ്ധമല്ല രാഗം...!


വാലന്റൈന്‍സ് ഡേ എന്നൊരു ദിവസം ആണല്ലോ വരുന്നത് ... പ്രണയത്തെ കുറിച്ച് ചിന്തിക്കാനും എഴുതാനും വായിക്കാനും പ്രണയം കാണാനും കേള്‍ക്കാനും അങ്ങനെ മൊത്തം പ്രണയത്തില്‍ മുങ്ങിപൊങ്ങാന്‍ ഉള്ള ദിനമത്രേ ഇത്. ഇത്തരം കാട്ടിക്കൂട്ടലുകള്‍ക്ക്‌ ഞാന്‍ വ്യക്തിപരമായി എതിരാണെങ്കിലും ഇന്നത്തെ വിഷയം അതാകാം എന്ന്‌ തോന്നുന്നു.


ഓര്‍മ്മകള്‍ വീണ്ടും മെഡിക്കല്‍ കോളേജിലെ മൂന്നാം വര്‍ഷത്തിലേക്ക്. ആശുപത്രി കെട്ടിടം എന്ന രാവണന്‍കോട്ട മെല്ലെ പരിചയപ്പെട്ടു വരുന്നതെ ഉള്ളൂ. ഒന്നാം വാര്‍ഡില്‍ എത്താനും അവിടെ നിന്നു തിരിയെ പുറത്തു കടക്കാനും മാത്രം അറിയാം. ജൂനിയര്‍മോസ്റ്റ്‌ വിദ്യാര്‍ഥിയുടെ പകപ്പും ചങ്കിടിപ്പും ടെന്‍ഷനും ഭയവും നിറഞ്ഞ മനസ്സോടെ ആണ് ഓരോ ദിവസവും അതിനകത്ത് കാലു കുത്തുക. അതിന്റെ കൂടെ കിട്ടുന്ന കേസ് ഒരു കീറാമുട്ടി കൂടി ആണെങ്കില്‍ പറയണ്ട. അതുകൊണ്ട് വളരെ ശ്രദ്ധിച്ചാണ് ഞാന്‍ കേസുകളെ തെരഞ്ഞെടുത്തിരുന്നത്.

ഡ്യൂട്ടി നേഴ്സിന്റെ മേശപ്പുറത്തു അടുക്കി വെച്ചിരിക്കുന്ന കേസ് ഷീറ്റുകളില്‍ നിന്നു എന്റെ രോഗികളെ കണ്ടുപിടിച്ചു. ഇനി ഇന്ന് ഇതില്‍ ആരുടെ അടുത്ത് പോകണം എന്ന്‌ തീരുമാനിക്കാന്‍ പേരുകള്‍ ഒന്നോടിച്ചു നോക്കി... രാമചന്ദ്രന്‍, ഗോപാലകൃഷ്ണന്‍ മുതലായ ഇത്തിരി "വയസ്സുചെന്ന" പേരുകള്‍ക്കിടയില്‍ ഒരു "മനോജ്‌" കണ്ണില്‍ ഉടക്കി. ആ നമ്പറിനു നേരെയുള്ള കിടക്കയിലേക്ക് നോക്കിയപ്പോള്‍ കണ്ടത് എഴുന്നേറ്റിരുന്നു ജനലിലൂടെ പുറത്തേക്കു നോക്കി ഇരിക്കുന്ന ഒരാളെ. കൂടെ ആരും ഇല്ല. സ്ഥലം പോരാഞ്ഞിട്ട് വാര്‍ഡിന്റെ ചുമരിനടുത്തുള്ള ഇടനാഴിയില്‍ ആണ് ആ ബെഡ്. ഗ്രില്ലുകളില്‍ കൂടി അകത്തേക്ക് കുത്തിയൊഴുകുന്ന പുലരിവെട്ടത്തില്‍ എന്തൊക്കെയോ ചിന്തിച്ചു നിശ്ചലനായി ഇരിക്കുന്നു അയാള്‍. മീശ പോലും ശരിക്ക് മുളക്കാത്ത ഒരു കുട്ടി എന്നാണ്‌ എനിക്ക് ആദ്യം തോന്നിയത്. കൊള്ളാം, ഇന്ന് ഇവന്‍ തന്നെ ആകട്ടെ സബ്ജക്റ്റ്, ഒന്നുമില്ലെങ്കിലും സുന്ദരനെ അടുത്ത് നിന്നു കാണാമല്ലോ എന്ന്‌ എന്നിലെ പത്തൊന്‍പതുകാരിയുടെ കുസൃതിമനസ്സ് മന്ത്രിച്ചു. എന്നിട്ട് ഒരു ഡോക്ടറുടെ ഗൌരവം കഴിയുന്നത്ര മുഖത്ത് അണിഞ്ഞു കേസ് ഷീറ്റും എടുത്ത് മനോജിന്റെ അടുത്തേക്ക് ചെന്നു.

മനോജ്‌. തിരുവനന്തപുരത്തെ ഒരു ഉള്‍നാടന്‍ ഗ്രാമത്തിലാണ് അവന്റെ വീട്. 24 വയസ്സ് എന്ന്‌ പറഞ്ഞെങ്കിലും ഒരു പ്രീഡിഗ്രി വിദ്യാര്‍ഥിയുടെ മട്ടായിരുന്നു അവന്‌. മെലിഞ്ഞു നീണ്ട ശരീരവും പൊടിമീശയും ചിരിക്കുന്ന കണ്ണുകളും. "കൂടെ ആരും ഇല്ലേ" എന്ന ചോദ്യത്തിന് "ഭക്ഷണം കൊണ്ടുവരാന്‍ പോയിരിക്കുന്നു" എന്ന മറുപടി ആണ് കിട്ടിയത്. സംസാരം രോഗവിവരത്തിലേക്ക് കടന്നു. ഹൃദയ വാല്‍വുകളുടെ തകരാറാണ് അവന്റെ അസുഖം എന്ന്‌ കേസ് ഷീറ്റില്‍ നിന്നു ഞാന്‍ മനസ്സിലാക്കിയിരുന്നു. എങ്കിലും ഹിസ്റ്ററി ടെക്കിംഗ് ഇന്റെ ഔപചാരികതകള്‍ അനുസരിച്ചു ഞാന്‍ ഓരോ ചോദ്യങ്ങളായി തുടങ്ങി. പെട്ടെന്ന് അവന്‍ പുഞ്ചിരിച്ചുകൊണ്ട് എന്റെ പിന്നിലേക്ക്‌ നോക്കി, "അതാ വരുന്നു" എന്ന്‌ പറഞ്ഞു. കയ്യില്‍ ഒരു ചെറിയ തൂക്കുപാത്രവും ഒരു പൊതിയുമായി ഒരു സ്ത്രീ നടന്നും ഓടിയും വരുന്നു. ഭക്ഷണം വാങ്ങാന്‍ പോയ മനോജിന്റെ അമ്മയെ പ്രതീക്ഷിച്ചു നിന്ന എന്റെ മുന്നില്‍ കിതപ്പോടെ വന്നു നിന്നത് ഒരു പെണ്‍കുട്ടി. പതിനാറോ പതിനേഴോ വയസ്സുതോന്നിക്കുന്ന മുഖം. പരുത്തിസാരി ഉടുത്ത രീതിയില്‍ നിന്ന്‌ ആ വേഷത്തിലുള്ള അവളുടെ പരിചയക്കുറവു വ്യക്തമായിരുന്നു. ചെറിയതെങ്കിലും പുതിയ താലിമാലയും കമ്മലും സീമന്ത രേഖയില്‍ വാരിയണിഞ്ഞ സിന്ദൂരവും അവള്‍ ഒരു നവവധു ആണെന്ന് വിളിച്ചുപറഞ്ഞു. എന്നെ തീരെ ശ്രദ്ധിക്കാതെ, വിയര്‍പ്പു തുടക്കാന്‍ പോലും മിനക്കെടാതെ, വൈകിയതിലുള്ള കുറ്റബോധത്തില്‍ തുടുത്ത മുഖവുമായി അവള്‍ ഭക്ഷണം വിളമ്പാന്‍ തുനിഞ്ഞു. അവളെ തടഞ്ഞു മനോജ്‌ "ഇത് ഡോക്ടറാണ്" എന്ന്‌ പറഞ്ഞപ്പോഴാണ് അവള്‍ എന്റെ സാന്നിധ്യം അറിഞ്ഞത്. പെട്ടെന്ന് ആ കുട്ടി ആതിഥേയയും വീട്ടമ്മയുമായി. ക്ഷമാപണത്തോടെ എന്നെ ഇരിക്കാന്‍ ക്ഷണിച്ചു, "ചായ കുടിച്ചോ" എന്ന്‌ അന്വേഷിച്ചു. പ്രായത്തില്‍ കവിഞ്ഞ പക്വത കാണിക്കുന്ന ആ കുട്ടിയെ ഞാന്‍ കൌതുകപൂര്‍വ്വം നോക്കി നിന്നു. അന്നത്തെ കേസ് പ്രസന്റേഷന്‍ നടത്താനുള്ള സബ്ജക്റ്റ് എന്നതില്‍ നിന്നു മാറി അവര്‍ എന്റെ ആരൊക്കെയോ ആയ പോലെ. വല്ലാത്ത ഒരടുപ്പം. "നിങ്ങള്‍ കഴിക്കൂ ഞാന്‍ പിന്നെ വരാം" എന്ന്‌ പറഞ്ഞു ഞാന്‍ അന്നത്തെ ജോലിക്ക് വേറൊരു രോഗിയെ തെരഞ്ഞെടുത്തു.

പിന്നീട് സമയം ഉണ്ടാക്കി ചെന്നു കണ്ടു അവരെ. കേസ് ഹിസ്ടറി എടുക്കാന്‍ അല്ല, വെറുതെ സംസാരിക്കാന്‍. കൂടുതല്‍ അറിയാന്‍. അവരെന്നോട് പറഞ്ഞു അവരുടെ കഥ. ഇടയ്ക്കു ചിരിച്ചും ഇടയ്ക്കു കണ്ണ് നിറഞ്ഞും വിട്ടുപോയ കാര്യങ്ങള്‍ പരസ്പരം ഓര്‍മ്മിപ്പിച്ചും കളിയാക്കിയും നാണിച്ചും...

അയല്‍ക്കാരാണ്‌ അവര്‍. കുട്ടിക്കാലത്ത് മുതലുള്ള അടുപ്പം പിരിയാന്‍ വയ്യാത്ത സ്നേഹമായി വളര്‍ന്നു. സ്വാഭാവികമായും ഇരു വീട്ടുകാരുടെയും എതിര്‍പ്പുകള്‍. ചെറുത്തുനില്‍പ്പ്‌. അടികലശലുകള്‍. എന്തുവന്നാലും ഒന്നിച്ചു ജീവിക്കും എന്ന തീരുമാനം എടുത്തു കഴിയുന്ന നാളുകളിലൊന്നില്‍ മനോജിനു നെഞ്ചുവേദനയും ശ്വാസം മുട്ടലും. പരിശോധനകളുടെ അവസാനം ഹൃദയ വാല്‍വിന് തകരാറാണ് ഓപറേഷന്‍ വേണം എന്ന്‌ ഡോക്ടര്‍ പറഞ്ഞു. ശ്രീചിത്രയില്‍ പാവപ്പെട്ട രോഗികള്‍ക്ക് സൌജന്യ ശസ്ത്രക്രിയ നടത്തുന്ന പദ്ധതിയില്‍ രെജിസ്ടര്‍ ചെയ്തു. വര്‍ഷങ്ങളുടെ കാത്തിരിപ്പ്‌ വേണ്ടിവരും. രോഗികളുടെ അത്രയ്ക്ക് നീണ്ട ലിസ്റ്റ് ആണുള്ളത്. അന്ന് വരെ എങ്ങനെയെങ്കിലും പിടിച്ചു നില്‍ക്കണം. ഇടയ്ക്കിടയ്ക്ക് അസുഖം കൂടുമ്പോള്‍ ഇതുപോലെ മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റ്‌ ആകും കുറച്ചു ദിവസം കിടക്കും. രണ്ടു മൂന്നു തവണത്തെ ആശുപത്രി വാസം കഴിഞ്ഞപ്പോള്‍ ആ കുട്ടി പറഞ്ഞു "ഇനി ആശുപത്രിയില്‍ കിടക്കുമ്പോള്‍ കൂടെ ഞാന്‍ ഇരിക്കാം" എന്ന്‌. അങ്ങനെ രണ്ടു മാസം മുന്‍പൊരു നാള്‍, തനിക്കു പതിനെട്ടു തികഞ്ഞ ഉടനെ, മനോജിന്റെ മെല്ലിച്ച വിരലുകളില്‍ തന്റെ കൈ കോര്‍ത്ത്‌, അവന്റെ ഇടറിയ ഹൃദയ താളത്തിന് തന്റെ മനക്കരുത്ത്‌ കൊണ്ടു ശ്രുതി ചേര്‍ത്ത്‌ അവള്‍ ഇറങ്ങിവന്നു. മനോജിനു സ്വന്തമായുള്ള ഇത്തിരി മണ്ണില്‍ ഒരു കൊച്ചു വീടുണ്ടാക്കി അവിടെ താമസം തുടങ്ങി. എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട ഒരു കോണില്‍ തങ്ങളുടെ കൊച്ചു സ്വര്‍ഗത്തില്‍ അവര്‍ കഴിയുന്നു. മനോജ്‌ കൂലിപ്പണി എടുത്തു കിട്ടുന്ന പണം കൊണ്ട്.

പക്വത ഇല്ലാത്ത കുട്ടികളുടെ എടുത്തുചാട്ടമായും അനുസരണക്കേടായും നമുക്ക് നിരീക്ഷിക്കാം എങ്കിലും , അവരുടെ മുന്നില്‍ നിന്നപ്പോള്‍ എനിക്ക് അങ്ങനൊന്നും തോന്നിയില്ല.. മനോജിന്റെ വാക്കുകള്‍ ഏതാണ്ട് ഇങ്ങനെ ആയിരുന്നു:

"അറിയില്ല എത്ര നാള്‍ കിട്ടും എന്ന്‌... ഓപറേഷന്‍ വരെ ജീവിക്കുമോ ആവോ... ഇവള്‍ എത്ര നാളായി കാത്തിരിക്കുന്നു... അവസാനം അതിനൊരു അര്‍ത്ഥമില്ലാതെ വന്നാലോ... അതുകൊണ്ടാണ്.. ഒരു മാസമെങ്കില്‍ ഒരു മാസം.. ഒരാഴ്ച എങ്കില്‍ അത്രയും... ഒരുമിച്ചു കഴിയാമല്ലോ..."

തന്റെ പ്രിയപ്പെട്ടവന്റെ സ്നേഹം തുളുമ്പുന്ന വാക്കുകള്‍ അവള്‍ ഇങ്ങനെ പൂരിപ്പിച്ചു: "ജീവിക്കുന്നെങ്കില്‍ ഒന്നിച്ച്‌.. അല്ലെങ്കിലും...... ഒന്നിച്ച്‌.. ഞങ്ങള്‍ തീരുമാനിച്ചതാണ്".. അപ്പോള്‍ അവളുടെ കണ്ണുകളില്‍ കണ്ട അസാധാരണ തിളക്കം, അവള്‍ അര്ധോക്തിയില്‍ നിര്‍ത്തിയത് എന്താണെന്ന് എന്നോട് പറയാതെ പറഞ്ഞു. ഒരു തണുത്ത കൊള്ളിയാന്‍ എന്റെ തലച്ചോറില്‍ വീശി. ഈശ്വരാ ഈ കൊച്ചു കുട്ടി എത്ര ഉറപ്പോടെ ജീവിതത്തെയും മരണത്തെയും പറ്റി സംസാരിക്കുന്നു. ഇതല്ലേ, ഇത് തന്നെയല്ലേ സ്നേഹം. സത്യമായ, ശാശ്വതമായ സ്നേഹം...

അത്ര നാള്‍ ഒരു സ്വപ്നജീവിയും പുസ്തകപ്പുഴുവും ആയിരുന്ന എന്റെ മനസ്സില്‍ യഥാര്‍ത്ഥ ജീവിതത്തിലെ പ്രണയമോ അതുപോലെയുള്ള കാര്യങ്ങളോ ഒരിക്കലും കടന്നു വന്നിരുന്നില്ല. പ്രണയമെന്നത് എനിക്ക് ഫെയറി കഥകളിലും ക്ലാസ്സിക്‌ നോവലുകളിലും വായിച്ചറിഞ്ഞ അഭൌമമായ ഒരു അനുഭവം ആയിരുന്നു. ഫ്ലോരെന്റിനോ അരിസക്കും ഫെര്‍മിന ഡാസയ്ക്കും മാത്രം അറിയാവുന്ന, കാതെരിന്‍ എന്ഷായും ഹീത്ക്ളിഫും മാത്രം കടന്നു പോയിട്ടുള്ള എന്തോ ഒരു അജ്ഞാത അനുഭൂതി. ഈ ലോകത്തും, എനിക്ക് ചുറ്റുമുള്ള ഇവിടൊക്കെയും പ്രണയം ഉണ്ട്, പ്രണയിക്കുന്നവര്‍ ഉണ്ട് എന്ന്‌ എന്നെ മനസ്സിലാക്കിത്തന്നത് ഈയൊരു സംഭവം ആണ്. പ്രണയത്തെ കുറിച്ചുള്ള എന്റെ ആദ്യത്തെ അറിവും പ്രണയസങ്കല്പങ്ങളും ഉടലെടുത്തത് ഇവിടെ ആണെന്ന് ഞാന്‍ വിശ്വസിക്കുന്നു. അതുകൊണ്ടാണ് ഈ പ്രണയ ദിനത്തില്‍ ഞാന്‍ അവരെ ഓര്‍ക്കുന്നതും...

ഒരുപാട് വര്‍ഷങ്ങള്‍ക്കിപ്പുറം നിന്നു നോക്കുമ്പോള്‍ എന്തൊക്കെയാണ് ഞാന്‍ കാണുന്നത്.. പ്രണയം ഏറ്റെടുത്തു ആഘോഷിക്കുന്ന ചാനലുകള്‍. പ്രണയദിന ഓഫറുകള്‍ തരുന്ന ഷോപ്പിംഗ്‌ മാളുകള്‍, മൊബൈല്‍ കമ്പനികള്‍. വജ്രം പതിച്ച ഹൃദയലോക്കറ്റുകള്‍ വില്‍ക്കുന്ന സ്വര്‍ണക്കടകള്‍. പ്രണയ സന്ദേശങ്ങള്‍ ഒഴുകുന്ന ഓര്‍കുട്ടും ഫേസ്ബുക്കും. പ്രണയികളുടെ സ്നേഹനിമിഷങ്ങള്‍ കടിച്ചു കുടയുന്ന നീലപ്പല്ലുകള്‍. പെണ്‍കുട്ടികളുടെ വിശദീകരിക്കാനാകാത്ത തിരോധാനങ്ങള്‍. ആത്മഹത്യകള്‍. ഇതൊക്കെ ചേര്‍ന്നതാണോ പ്രണയം... എനിക്കറിയില്ല.

അറിയേണ്ട. പ്രണയം ഒരു മരുപ്പച്ച ആയിരിക്കട്ടെ. വെയിലില്‍ അഭയം നല്‍കുന്ന ഒരു കുടയായിരിക്കട്ടെ . വേദനയില്‍ മുഖം ചേര്‍ത്ത്‌ ആശ്വസിക്കാനുള്ള ഒരു ചുമല്‍ ആയിരിക്കട്ടെ. കല്ലിലും മുള്ളിലും ഇടറാതെ പിടിച്ചു നടത്തുന്ന ഒരു കൈത്തലം ആയിരിക്കട്ടെ. കാതില്‍ മന്ത്രിക്കുന്ന ഒരു ചെല്ലപ്പേര് ആയിരിക്കട്ടെ..

എനിക്ക് പ്രണയമെന്നത് തണലേകുന്ന ഒരു മരമാണ്... അങ്ങ് അടിത്തട്ടോളം വേരുകള്‍ ആഴ്ത്തി നില്‍ക്കുന്ന, ആകാശം മുഴുവന്‍ ചില്ലകള്‍ വിരിച്ചു നില്‍ക്കുന്ന ഒരു വന്‍മരം.
അല്ലാതെ ഇന്ന് വിരിഞ്ഞു നാളെ ഇതള്‍ കൊഴിയുന്ന ഒരു പിടി കടും ചുവപ്പ് റോസാപ്പൂക്കള്‍ അല്ല.