Tuesday, December 28, 2010

അമ്മ...!


സെപ്ടിക് ലേബര്‍ റൂം.
കേട്ടിട്ട് എന്ത് തോന്നുന്നു?
ഒരു തുരുമ്പിച്ച ബ്ലേഡില്‍ ചവിട്ടിയ പോലെ?


അതുതന്നെ.
സൂക്ഷിച്ചില്ലെങ്കില്‍ സെപ്ടിക് ആകുന്ന ഒരിടം ആണത്.


ഞങ്ങളുടെ SAT ആശുപത്രിയിലെ പ്രസവ വാര്‍ഡിന്റെ ഒരു എക്സ്റ്റന്‍ഷന്‍ ആണ് ഈ പറഞ്ഞ സ്ഥലം. സാധാരണ പ്രസവത്തിനു അഡ്മിറ്റ്‌ ചെയ്യുന്ന സ്ത്രീകളെ ഒരുപാട് തയ്യാരെടുപ്പുകള്‍ക്ക് വിധേയമാക്കാറുണ്ട്. കുഞ്ഞിനും അമ്മയ്ക്കും അണുബാധ ഉണ്ടാകരുതെന്ന ഉദ്ദേശത്തോടെ. പക്ഷെ എല്ലാ കേസുകള്‍ക്കും അത് നടപ്പിലാക്കാന്‍ പറ്റി എന്ന് വരില്ല. അടിയന്തര ഘട്ടങ്ങളില്‍ കൊണ്ടുവരുന്ന രോഗികള്‍, ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയും വാഹനത്തിലും പ്രസവിക്കുന്നവര്‍ ഉദാഹരണം. അങ്ങനെയുള്ള രോഗികളെ പ്രവേശിപ്പിക്കുന്ന വിഭാഗമാണ്‌ സെപ്ടിക് ലേബര്‍ റൂം. അവശ്യം വേണ്ട രക്തപരിശോധനകള്‍ പോലും നടത്താതെ വരുന്ന ഈ കേസുകള്‍ പ്രസവം എടുക്കുന്ന ഡോക്ടര്‍ക്ക് എപ്പോഴും റിസ്ക്‌ ആണ്. അതിനാല്‍ സാധാരണയില്‍ കൂടുതല്‍ ശ്രദ്ധയോടെ ആണ് ഞങ്ങള്‍ ഇവിടത്തെ രോഗികളോട് ഇടപെടുക. അഞ്ചു ദിവസം ഹൌസ് സര്ജ്ജന്മാര്‍ക്ക് SLR ഡ്യൂട്ടി ഉണ്ട്.

പകല്‍ ഡ്യൂട്ടി ഏതാണ്ട് അവസാനിക്കാറായപ്പോള്‍ ആണ് അവരെ കൊണ്ടുവന്നത്. പേരോ വയസ്സോ നാടോ ഒന്നും അറിയാത്ത ഒരു നാടോടി സ്ത്രീ. പ്രസവവേദനയില്‍ പുളഞ്ഞു വഴിയില്‍ കിടന്ന അവരെ സുമനസ്സുകള്‍ ആയ ചില ഓട്ടോ ഡ്രൈവര്‍മാര്‍ അത്യാഹിതവിഭാഗം വരെ എത്തിച്ചു. അവിടെനിന്നു സെപ്ടിക് ലേബര്‍ റൂമിലേക്ക്‌. SLR ഇല്‍ അധികം പേര്‍ ഇല്ലാതിരുന്നതുകൊണ്ട്‌ ഇത്തിരി നേരത്തെ പോകാമല്ലോ എന്ന ചിന്തയില്‍ സന്തോഷിച്ചിരുന്ന എന്നെ അരിശം കൊള്ളിച്ചുകൊണ്ട് ആ സ്ട്രെചെര്‍ന്റെ കരകര ശബ്ദവും അതിലും ഉച്ചത്തില്‍ അവരുടെ കരച്ചിലും ഇടനാഴിയില്‍ ഉയര്‍ന്നു കേട്ടു. കേസ് ഷീറ്റ്‌ എഴുതാന്‍ അധികം ഒന്നും ഉണ്ടായിരുന്നില്ല. എന്തോ ഒരു പേര് അവര്‍ പറഞ്ഞു, അതെഴുതി. ബാക്കി പേജുകള്‍ ശൂന്യം.
വന്നിട്ട് അധികം വൈകാതെ, എന്റെ പകല്‍ ഡ്യൂട്ടി തീരുന്നതിനു മുന്‍പ് തന്നെ അധികം കോലാഹലം ഒന്നും കൂടാതെ അവര്‍ പ്രസവിച്ചു. നാല് കിലോ അടുപ്പിച്ചു തൂക്കമുള്ള ഒരു മിടുക്കന്‍ ആണ്‍കുട്ടി. സമ്പന്നതയുടെ മടിത്തട്ടില്‍ നിന്നു വരുന്ന തരുണികള്‍, ആദ്യ മാസം മുതല്‍ പ്രോടീന്‍, വൈറ്റമിന്‍, അയണ്‍, കാത്സ്യം ഒക്കെ അളന്നു തൂക്കി കഴിച്ചിട്ടും ഭാരം തികയാത്ത കുഞ്ഞുങ്ങളെ പ്രസവിക്കുന്നത് സ്ഥിരമായി കാണുന്ന എന്നെ അതിശയിപ്പിച്ചു ആ കുഞ്ഞ്‌. അമ്മക്ക് ഉടന്‍ വേണ്ട പരിചരണം എല്ലാം ചെയ്തു അവര്‍ stable ആണെന്നുറപ്പ് വരുത്തിയ ഉടന്‍ ഞാന്‍ ആ കുഞ്ഞിന്റെ അടുത്തേക്ക് ചെന്നു. ഇളം ചുവപ്പ് പട്ടുതുണിയില്‍ പൊതിഞ്ഞ ഒരു പഞ്ഞിപ്പാവ പോലെ അവന്‍. ഉരുണ്ട കവിളുകളും കൈകാലുകളും സൂക്ഷിച്ചു തൊട്ടുനോക്കി. ആശുപത്രിയിലെ തന്നെ തുണികൊണ്ട് ആണ് അവനെ പുതപ്പിച്ചിരുന്നത്. റോസാപ്പൂ മൊട്ടുകള്‍ പോലെ ഉള്ള ആ കൈകള്‍ പിടിച്ചു മെല്ലെ നിവര്‍ത്തി നോക്കിയപ്പോള്‍ എന്തിനെന്നറിയാത്ത ഒരു ചെറു ഞെട്ടലോടെ ഞാന്‍ കണ്ടു, അവന്‌ ആറ്‌ വിരലുകള്‍ ആണ്... ഇരുകയ്യിലും ചെറുവിരലിനോട്‌ ചേര്‍ന്നു ഓരോ കുഞ്ഞി വിരല്‍ കൂടി.

ഡ്യൂട്ടി കഴിയാന്‍ സമയം ആയി എന്ന് സിസ്റ്റര്‍ പറഞ്ഞപ്പോള്‍ ആണ് നേരം എട്ടുമണി കഴിഞ്ഞത് ഞാന്‍ അറിഞ്ഞത്. പോകുന്നതിനു മുന്‍പ് വെറുതെ അവനെ ഒന്ന് എടുത്തു നെഞ്ചോട്‌ ചേര്‍ത്തു. എന്തോ പരതി അവന്‍ എന്റെ നേരെ മുഖം തിരിച്ചു. "അയ്യോ മോനെ ഇത് ഞാനാ.. നിന്റെ അമ്മ ഇപ്പൊ വരും, കേട്ടോ..." എന്ന് കളിയായി പറഞ്ഞു അവനെ തിരിച്ചു തൊട്ടിലില്‍ കിടത്തി ഗ്ലൌസും ഏപ്രനും മാറ്റി ഞാന്‍ അവിടെനിന്ന് ഇറങ്ങി.

രാത്രി ഉറങ്ങുന്നതിനു മുന്‍പ് റൂംമേറ്റ്‌ നോടും കൂട്ടുകാരോടും ഒക്കെ ഞാന്‍ അവരെപറ്റി പറഞ്ഞു. ആറ്‌ വിരലുള്ള സുന്ദരന്‍ വാവയെ രാവിലെ നേരത്തെ പോയി കാണണം എന്നോര്‍ത്താണ് അന്ന് ഞാന്‍ ഉറങ്ങിയത്.

രാവിലെ 8 മണിക്ക് വാര്‍ഡില്‍ ചെന്ന ഞാന്‍ കണ്ടത് ഒരു ഇളകിമറിഞ്ഞ അന്തരീക്ഷമാണ്. തലേന്നത്തെ SLR കേസിനെ വാര്‍ഡിലേക്ക് മാറ്റിയിരിക്കുന്നു. മനസ്സിന് സ്ഥിരതയില്ലാത്ത ആ സ്ത്രീ കുഞ്ഞിനെ ശ്രദ്ധിക്കുകയോ അതിനു പാല്‍ കൊടുക്കുകയോ ചെയ്തിട്ടില്ല. എന്തിന്, താന്‍ ഒരു കുഞ്ഞിനു ജന്മംനല്‍കി എന്നുപോലും അവര്‍ അറിഞ്ഞുവോ എന്ന് സംശയം... സിസ്റ്റര്‍മാര്‍ നല്‍കിയ വസ്ത്രങ്ങള്‍ നേരെ ധരിക്കാതെ അവര്‍ ആ വാര്‍ഡില്‍ ആകെ അലഞ്ഞു നടക്കുന്നു. എന്തൊക്കെയോ തനിയെ സംസാരിക്കുന്നു. ചിരിക്കുന്നു. മറ്റുള്ള രോഗികളുടെ ശാപവാക്കുകള്‍, ആശുപത്രി ജീവനക്കാരുടെ ശകാരങ്ങള്‍, കൂട്ടിരിപ്പുകാരും കാഴ്ചക്കാരും ആയി നോക്കിനില്‍ക്കുന്നവരുടെ അത്ര സഭ്യമല്ലാത്ത കമന്റുകള്‍ ഇതൊക്കെ തന്നെ ലക്ഷ്യമാക്കി ആണെന്ന് യാതൊരു ധാരണയും ഇല്ലാതെ ആ പാവം സ്ത്രീ തന്റേതായ ഏതോ ലോകത്ത് നമുക്ക് കാണാനാകാത്ത എന്തൊക്കെയോ കണ്ടും കേട്ടും മിണ്ടിയും അങ്ങനെ...

തലക്കടിയേറ്റ പോലെ കുറേനേരം സ്തബ്ധയായി നിന്ന ഞാന്‍ കുറച്ചുകഴിഞ്ഞു അന്വേഷിച്ചു "എവിടെ അവരുടെ കുഞ്ഞ്‌" എന്ന്. പാല്‍ കിട്ടാതെ ഏറെ നേരം കരഞ്ഞു തളര്‍ന്ന അവനെ ഗ്ലൂക്കോസും പാല്‍പൊടി കലക്കിയതും കൊടുത്തു നേഴ്സറിയില്‍ കിടത്തിയിരിക്കുകയാണെന്നു കേട്ടു. പിന്നെ ദിവസത്തിന് തിരക്കേറിയപ്പോള്‍, വേറെ നൂറായിരം കാര്യങ്ങള്‍ തലയില്‍ നിറഞ്ഞപ്പോള്‍ ഞാന്‍ അവരെയും ആ കുഞ്ഞിനേയും മറന്നു. വൈകുന്നേരം കേട്ടു ആ സ്ത്രീ ആശുപത്രിയില്‍ നിന്നും ഇറങ്ങിപ്പോയി എന്ന്. ആരും ഇല്ലാത്ത ആ കുഞ്ഞിനെ എന്ത് ചെയ്തു കാണും? ആരെങ്കിലും അവനെ സ്വന്തം കുഞ്ഞായി എടുത്തു കാണുമോ? അതോ ഏതെങ്കിലും അനാഥാലയം? ശിശുക്ഷേമ സമിതി?

ആരുമില്ലാത്ത കുഞ്ഞുങ്ങളെ എവിടെ കണ്ടാലും ഞാന്‍ അവരുടെ കൈകളിലേക്ക് നോക്കും, വല്ലാത്തൊരു ആകാംക്ഷയോടെ... ആറ്‌ വിരലുള്ള, റോസാപ്പൂ മൊട്ടുപോലുള്ള കുഞ്ഞിക്കൈകള്‍ മനസ്സിന്റെ വിരലുകള്‍ കൊണ്ട് ഞാന്‍ വീണ്ടും തൊടും.


ഓര്‍മ്മയില്‍ ഇന്നും ഉണ്ട്, എടുത്തു ചേര്‍ത്തുപിടിച്ചപ്പോള്‍, അവന്‍ അമ്മയെ എന്റെ നെഞ്ചില്‍ പരതിയപ്പോള്‍ ആദ്യമായി ഞാന്‍ അറിഞ്ഞ ആ വിങ്ങല്‍. "അമ്മ" എന്ന ആ കനമുള്ള നോവ്‌.

കഴിഞ്ഞ പോസ്റ്റില്‍ ഞാന്‍ എഴുതീരുന്നു, മനുഷ്യന്‍ എത്ര മനോഹരമായ ഒന്നാണെന്ന്. ശരിക്കും അങ്ങനെയാണോ.. എനിക്കറിയില്ല. ആ പാവപ്പെട്ട സ്ത്രീയുടെ ദുരവസ്ഥക്ക് കാരണക്കാരായവര്‍ ഒരു കളങ്കവും ഏശാത്ത പൊതുജീവിതം നയിക്കുകയാവും അന്നും ഇന്നും... ഒരു നിമിഷനേരത്തേക്കെങ്കിലും തനിക്കു സന്തോഷം നല്‍കിയ സഹജീവിയെ ഇങ്ങനെ ഒരു പതനത്തില്‍ ആക്കിയിട്ടു കടന്നുകളയാന്‍ മനുഷ്യനല്ലാതെ വേറെ ഏതെങ്കിലും ജീവിക്ക് കഴിയുമോ? സ്വാര്‍ത്ഥതയും വഞ്ചനയും ജന്തുലോകത്തു മറ്റെവിടെയെങ്കിലും കാണാന്‍ കിട്ടുമോ?

പുതുവര്‍ഷാഘോഷങ്ങളുടെ ഈ വേളയില്‍ ഇങ്ങനെയൊരു കുറിപ്പ് അസ്ഥാനത്തായോ..? നിങ്ങളുടെ ഉല്ലാസം അല്പമെങ്കിലും ഞാന്‍ കെടുത്തിയോ?

ഒത്തിരി ചിരിയുടെ കൂടെ ഇത്തിരി ചിന്തയും കൂടി ആകാം എന്നേ ഞാന്‍ കരുതിയുള്ളൂ. ഒന്നാം തിയതി കസവുമുണ്ടുടുത്തും "നാളികേരത്തിന്റെ നാട്ടില്‍" ഡയലര്‍ ടോണ്‍ ആയി വെച്ചും മലയാളത്തനിമയില്‍ ഊറ്റം കൊള്ളുമ്പോള്‍ വല്ലപ്പോഴും ഓര്‍ക്കുക, നമ്മുടെ സംസ്കാര സമ്പന്നമായ നാട് ഇങ്ങനെയൊക്കെയും കൂടി ആണ്....

35 comments:

 1. ദിവാരേട്ടന് "പാരസെറ്റമോള്‍ " വേണ്ട. എങ്കിലും പറയാതിരിക്കാന്‍ വയ്യ. നല്ല ഭാഷ ആണല്ലോ ഈ ഡോക്ടറുടെ !!
  KEEP IT UP ..

  ReplyDelete
 2. ആഘോഷമേളങ്ങള്‍ക്കിടയില്‍ എല്ലാം മറക്കുന്ന ജനതയാണെവിടെയും.
  പുതുവത്സരവേളയില്‍ ചിന്തനീയമായ ഒരു രചന നല്ലതല്ലെ?
  അതെങ്ങനെ അസ്ഥാനത്താവും?
  ഒരിക്കലും അല്ല.

  ഒരുകാര്യം, ആഘോഷങ്ങള്‍ ഒരുതരം നടിപ്പ് മാത്രമല്ലെ?
  ======
  കുഞ്ഞിനെന്ത് സംഭവിച്ചു എന്നൊരു ആകാംഷയില്‍ നിര്‍ത്തി :)

  ==ഓര്‍മ്മയില്‍ ഇന്നും ഉണ്ട്, എടുത്തു ചേര്‍ത്തുപിടിച്ചപ്പോള്‍, അവന്‍ അമ്മയെ എന്റെ നെഞ്ചില്‍ പരതിയപ്പോള്‍ ആദ്യമായി ഞാന്‍ അറിഞ്ഞ ആ വിങ്ങല്‍. അമ്മ എന്ന ആ കനമുള്ള വേദന.== വരികളില്‍ ഒരു കാവ്യഭാവമുണ്ട് കേട്ടോ..

  ആശംസകള്‍ക്കൊപ്പം ഊഷ്മളമായ പുതുവത്സരവും നേരുന്നു..

  ReplyDelete
 3. പുതുവത്സരാഘോഷമായാലും ഇടയ്ക്കൊക്കെ ഇതു പോലുള്ള പോസ്റ്റുകളും വേണം. മനുഷ്യന്‍ മനുഷ്യനെ മനസ്സിലാക്കാനും ഒരു വീണ്ടു വിചാരത്തിനും.

  ആ കുഞ്ഞിനെന്തു പറ്റിക്കാണും എന്ന ആലോചനയോടെ തന്നെ ഞാനും വായിച്ചെത്തിച്ചു...

  പുതുവത്സരാശംസകള്‍!

  ReplyDelete
 4. ദിവാരേട്ടാ,
  വെറുതെയങ്ങു എഴുതിപ്പോകുന്നതാ ഇതൊക്കെ. ഭാഷ നല്ലതാണെന്ന് നന്നായി എഴുതുന്നവര്‍ പറഞ്ഞു കേള്‍ക്കുമ്പോള്‍ അനല്പമായ സന്തോഷം... നന്ദി.
  :)

  ReplyDelete
 5. സുരഭീ
  കമന്റില്‍ പോലും കവിത വിരിയിക്കുന്ന നീ എന്റെ വരികള്‍ക്ക് "കാവ്യഭാവം" ഉണ്ടെന്നൊക്കെ പറയുമ്പോള്‍ അതൊരു കളിയാക്കലാണോ എന്നു ഞാന്‍ ന്യായമായും സംശയിക്കുന്നു...
  എന്നാലും സന്തോഷം, കേട്ടോ.
  പിന്നെ ആ കുഞ്ഞിനെന്തു സംഭവിച്ചു എന്നത് സസ്പെന്‍സ് ആക്കിയതല്ല.. എനിക്കറിയില്ല പിന്നെ എന്ത് നടന്നു എന്ന്‌. എവിടെയെങ്കിലും അവന്‍ സുഖമായിരിക്കുന്നു എന്ന്‌ തന്നെ വിശ്വസിക്കാന്‍ ആണിഷ്ടം.
  പുതുവത്സരാശംസകള്‍, നിനക്കും.

  ReplyDelete
 6. ശ്രീ,
  നന്ദി.
  സസ്നേഹം പുതുവത്സരാശംസകള്‍.
  :)

  ReplyDelete
 7. puthuvarsha velayil keduthan ullasam athrakku evidirikkunnu baaki???
  :)

  nicely written, I am glad that you have started writing here!!

  ReplyDelete
 8. മൂവീ,
  സന്തോഷം, നന്ദി, നവവത്സരാശംസകള്‍...
  (എന്ത് പറ്റി ഉല്ലാസത്തിന്?)

  ReplyDelete
 9. ഹൃദയ സ്പര്‍ശിയായ നല്ല എഴുത്ത്
  വായനയില്‍ നൊമ്പരം പൊടിയുന്നു ...
  എവിടെയായാലും സുഖമായിരിക്കട്ടെ ആ കുഞ്ഞ്...


  പുതുവത്സരാശംസകള്‍

  ReplyDelete
 10. ഉമേഷ്‌,
  നന്ദി. നല്ല വാക്കുകള്‍ക്കും, ആശംസകള്‍ക്കും.
  ഒരു നല്ല 2011 ആശംസിക്കുന്നു, താങ്കള്‍ക്കും.
  :)

  ReplyDelete
 11. This comment has been removed by the author.

  ReplyDelete
 12. This comment has been removed by the author.

  ReplyDelete
 13. വായിച്ചു കഴിഞ്ഞപ്പോള്‍ മനസ്സില്‍ ഒരു വിഷമം. ഇങ്ങനെയും മനുഷ്യ ജീവിതങ്ങള്‍ . ഒരിക്കല്‍ ബംഗ്ലൂര്‍ നഗരത്തില്‍ ബൈക്കില്‍ യാത്ര ചെയ്യവേ മനസ്സില്‍ പതിഞ്ഞ ഒരു മുഖം ഓര്‍മ്മ വന്നു. റെഡ്‌ സിഗ്നല്‍ വന്നപ്പോള്‍ കുറെ നാടോടി കുട്ടികള്‍ റോഡു മുറിച്ചു കടന്നു. പെട്ടെന്ന് സിഗ്നല്‍ മാറി. ഒരു കൊച്ചു കുട്ടിമാത്രം റോഡിനു നടുവില്‍ അവനെക്കാള്‍ വലിയ ഒരു ഭാണ്ഡവും പേറിക്കൊണ്ട്. ചുറ്റും ചീറിപ്പായുന്ന വാഹനങ്ങള്‍ക്കിടയില്‍ പകച്ചു നില്‍ക്കുന്ന ഒരു മുഖം ...
  ----------------
  ആ പാവപ്പെട്ട സ്ത്രീയുടെ ദുരവസ്ഥക്ക് കാരണക്കാരായവര്‍ ഒരു കളങ്കവും ഏശാത്ത പൊതുജീവിതം നയിക്കുകയാവും അന്നും ഇന്നും... ഒരു നിമിഷനേരത്തേക്കെങ്കിലും തനിക്കു സന്തോഷം നല്‍കിയ സഹജീവിയെ ഇങ്ങനെ ഒരു പതനത്തില്‍ ആക്കിയിട്ടു കടന്നുകളയാന്‍ മനുഷ്യനല്ലാതെ വേറെ ഏതെങ്കിലും ജീവിക്ക് കഴിയുമോ?

  വളരെ സത്യം ..മാന്യന്മാര്‍

  ReplyDelete
 14. This comment has been removed by the author.

  ReplyDelete
 15. some suggestions
  ----------------
  ബ്ലോഗ്‌ അഗ്ഗ്രിഗേറ്ററില്‍ ചേര്‍ക്കുക
  ഫേസ്ബുക്ക് ബ്ലോഗര്‍ ഗ്രൂപ്പില്‍ അംഗമാവുക.
  നിങ്ങളുടെ ബ്ലോഗ്‌ വായിക്കപ്പെടണം. നല്ല ഒരു ബ്ലോഗ്‌ ആണിത്

  ReplyDelete
 16. തികഞ്ഞ വിരോധാഭാസം.!.
  സാംസ്കാരിക പൈത്രകത്തിന്‍റെ പെരുമയില്‍ 'ഊറ്റം കൊള്ളുന്ന' മലയാളിക്ക്..!!! തന്‍റെ വീടിന്‍റെ ചുറ്റുമതില്‍ ഉയര്‍ത്തി കെട്ടുന്ന തിരക്കില്‍ മതിലനപ്പുറത്തെ ജീവിത കാഴ്ചകള്‍ കാണാന്‍ ആകുമോ..? കരള്‍ പിടയുന്ന ഇത്തരം അനുഭവങ്ങള്‍ക്ക് മറയിടാന്‍ ആ മതിലുകള്‍ക്ക് ആകുമോ? നമ്മുടെ തെരുവുകളില്‍ സഹശയനത്തിന് സമയം നിശ്ചയിച്ചു വിലപേശി വിശപ്പിന്‍റെ വിളിക്ക് ഉത്തരം തേടുന്നവര്‍... { അപായപ്പെടുത്തി ഉപയോഗിക്കുന്നവര്‍ മറുവശത്ത്‌.} കാമം ജനിക്കുന്ന ഇരുളിന്‍റെ മറവില്‍ മാര്‍ജാര പാദുകം അണിഞ്ഞു എത്തുന്ന ഉള്പ്പുലക ആസ്വാദകര്‍.

  അവര്‍ സമ്മാനിക്കുന്ന പാപത്തിന്‍റെ വിത്ത്‌ മുളപൊട്ടി ചേതനയാര്‍ന്ന ഉദര ശിശുവായി ശേഷം പുനര്‍ജനിയുടെ ആശ്വാസത്തില്‍ ഭൂമിയെ തൊടുമ്പോള്‍ ആദ്യാനുഭവം മാതൃ സ്തന്യം നിഷേധിക്കപ്പെട്ടത്. അഭയം കൊതിച്ച് മാറിടം തേടിയപ്പോള്‍ അമ്മയുടെ അഭാവം തീര്‍ത്തൊരു വാര്‍ത്തയുടെ ഭീകര മുഖമാണ് ആദ്യ പാഠം. അമ്മയുടെ ഇറങ്ങിപ്പോക്കില്‍ കൂട്ടിനു തെരുവില്‍ അലയുന്ന ക്രൌര്യം ധ്യോതിക്കുന്ന ചെന്നായക്ക് സമാനം മനുഷ്യ കോലങ്ങള്‍ മാത്രം..! തനിയാവര്‍ത്തനം...!! നാഥാ..!!
  ജീര്‍ണ്ണിച്ച സാമൂഹ്യാവസ്ഥയ്ക്ക് നേരെ അധികമുള്ള വിരലുമായവന്‍ താന്‍ ഉയിര്‍കൊണ്ട ഗര്‍ഭ പാത്രത്തിന്‍റെ അടയാളമേതുമില്ലാതെ യുദ്ധം പ്രഖ്യാപിക്കട്ടെ..!!

  തീക്ഷ്ണമായ നോവിനും അപ്പുറം രോഷാഗ്നിയായാണ് എന്നില്‍ എരിയുന്നത്. നമ്മുടെ സാംസ്കാരിക പരിസരത്തിന് നേരെയുള്ള ഒരു കാര്‍ക്കിച്ചു തുപ്പലായി ഈ വായന എന്നില്‍ കലഹിക്കുന്നു.
  നമ്മുടെ വളര്‍ച്ചാ നിരക്കിന്‍റെ നമ്മുടെ വികസന മാത്രകതയുടെ നമ്മുടെ ജീവിത നിലവാരത്തിന്‍റെ തുണിയുരിക്കപ്പട്ട കാഴ്ചയ്ക്ക് അല്പം വ്യസനത്തോടെ അതിലേറെ അമര്‍ഷത്തോടെ അഭിനന്ദങ്ങള്‍ സുഹ്രത്തേ...! നാമൂസ്

  ReplyDelete
 17. നല്ല മനുഷ്യരെ കാണുകയും വായിക്കുകയും ചെയ്യന്നത് തന്നെ പുണ്യമല്ലേ. ഈ ബ്ലോഗില്‍ ഞാന്‍ എങ്ങിനെയൊക്കെയോ ഇന്നെത്തി. ഓര്‍ക്ക പുറത്തൊരു പുതുവത്സര സമ്മാനം കിട്ടിയ പോലെ.
  ഡ്യൂട്ടി കഴിഞ്ഞിട്ടും പേര് പോലും ശരിക്കറിയാത്ത ആ യുവതിയെയും കുഞ്ഞിനെയും തിരക്കിനിടയിലും പരിചരിക്കാന്‍ തോന്നിയ മനസ്സ്, അത് തന്നെയല്ലേ ഡോക്ടര്‍ അമ്മ മനസ്സ്. ഇന്നും നിങ്ങള്‍ അവരെ തിരയുന്നു.

  "ഒത്തിരി ചിരിയുടെ കൂടെ ഇത്തിരി ചിന്തയും കൂടി ആകാം എന്നേ ഞാന്‍ കരുതിയുള്ളൂ. ഒന്നാം തിയതി കസവുമുണ്ടുടുത്തും "നാളികേരത്തിന്റെ നാട്ടില്‍" ഡയലര്‍ ടോണ്‍ ആയി വെച്ചും മലയാളത്തനിമയില്‍ ഊറ്റം കൊള്ളുമ്പോള്‍ വല്ലപ്പോഴും ഓര്‍ക്കുക, നമ്മുടെ സംസ്കാര സമ്പന്നമായ നാട് ഇങ്ങനെയൊക്കെയും കൂടി ആണ്...."
  തിരക്കിനിടയിലും നല്ലൊരു പുതുവത്സര ചിന്തകള്‍ സമ്മാനിച്ച ഡോക്ടര്‍ക്ക് പുതുവത്സരാശംസകള്‍..

  സത്യം പറയാല്ലോ, ലേഖനം അല്‍പ്പം നൊമ്പരപെടുത്തിയെങ്കിലും താഴെയുള്ളത് തികച്ചും രസിച്ചു..കലക്കി.. രണ്ടു പാരസെറ്റമോള്‍
  എനിക്ക് വേണ്ടി കരുതണം.

  "സത്യസന്ധമായി അഭിപ്രായം പറഞ്ഞാല്‍ ഒരു പാരസെറ്റമോള്‍ ഗുളിക ഫ്രീ"....

  ReplyDelete
 18. നല്ല എഴുത്ത്..... ആശംസകള്‍ ...

  ReplyDelete
 19. If U don't mind Please remove word verification...ok....

  ReplyDelete
 20. മലയാള സംസ്കാര സമ്പന്ന മലയാളിയുടെ അനാസ്ഥ ഇനിയും ഒരുപാട് അനാഥത്വം സമ്മാനിക്കും
  നമുക്ക് പ്രസങ്ങിക്കാം ഒരിക്കലും യാത്ര്ത്യ മകാത്ത ആശയങ്ങളെ ..

  ReplyDelete
 21. ഇത്തരത്തിലുള്ള ചിന്തകള്‍ ആണ് പുതു
  വര്‍ഷത്തിനു ജീവന്‍ നല്‍കേണ്ടത്.ആഘോഷങ്ങള്‍
  ക്ഷണികം ആണ്.വീണ്ടും അനുഭവങ്ങള്‍ പ്രതീക്ഷിക്കുന്നു.

  ReplyDelete
 22. @ Hafeez,
  Naamoos,
  Elayoden,
  Ranipriya,
  Iylaserikkaran,
  Anju Aneesh,
  Vincent....
  ഞാനിവിടെ എഴുതുന്ന ഈ വാക്കുകള്‍, നമ്മള്‍ ഇവിടെ പങ്കു വെക്കുന്ന ചിന്തകള്‍, ഒക്കെ വെറും വനരോദനമായി അവസാനിക്കും എന്നറിയാം. നമ്മുടെ പുതുവര്‍ഷ വേളകളില്‍ ഇനിയും മദ്യം പതഞ്ഞു ഒഴുകും, ഇനിയും SLR ഇല്‍ കേസുകള്‍ വരും, നമ്മള്‍ 100 % സാക്ഷരര്‍ ആകും, രണ്ടു നേരം കുളിക്കും, ആരാന്റെ മുറ്റത്തേക്ക് ചവര്‍ വലിച്ചെറിയും, തമിഴനെ ചീത്ത പറയും... അങ്ങനെ ശ്യാമസുന്ദര കേരകേദാര ഭൂമി, പശ്ചിമ ഘട്ടങ്ങളെ കേറിയും മറിഞ്ഞും ചെന്നന്യമാം ദേശങ്ങളില്‍ വളരും....

  ReplyDelete
 23. 'കുറിപ്പടികള്‍ക്കപ്പുറവും' മനുഷ്യത്വമുള്ള ഹൃദയമുന്ടെന്നു ഓര്‍മപ്പെടുത്തുന്നതായി ഈ പോസ്റ്റ്‌.
  ആദ്യമായി ആണെന്ന് തോന്നുന്നു ഞാനീ വഴി. ഒരു നല്ല പോസ്റ്റ്‌ വായിക്കാന്‍ കഴിഞ്ഞു.
  പറയാനുള്ളത് എല്ലാരും പറഞ്ഞു കഴിഞ്ഞു. വീണ്ടും വരാം.

  ReplyDelete
 24. മനുഷ്യാവസ്ഥകളുടെ തീക്ഷ്ണമായ യാഥാര്‍ത്യങ്ങള്‍ ഏറെ വെളിപ്പെടുന്നയിടങ്ങളില്‍ പെട്ടതാണല്ലോ ആശുപത്രികള്‍. കുറിപ്പടികള്‍ക്കപ്പുറം ചിന്തിക്കുന്ന ഡോക്ടര്‍മാര്‍ കുറവും. shades നു നന്ദി .ആശംസകളോടെ

  ReplyDelete
 25. vayikkan thamasichathinu kshama chodikkunnu Dr ..
  vakkukal palathum manasil thatti pollikkunnu...ithramathram theevramayi ezhuthunnu enkil ethra theevramayirikkum aa kazhchakal anubhavikkan ... anyway abhinandanam
  happy new year

  ReplyDelete
 26. ഡോക്ടറെ, നിര്‍മലമായ മനസ്സെഴുതുന്ന ഈ കുലീനക്ഷരങ്ങളെക്കുറിച്ച് എന്താഭിപ്രായമെഴുതാന്‍. അകലെ നിന്നാദരവോടെ കാഴ്ചക്കാരനാവുന്നു..! ആശംസകള്‍...!! അടുത്ത പോസ്ടിനായ് നോമ്പെടുക്കുന്നു...!!

  ReplyDelete
 27. വായിക്കാന്‍ സമയം കിട്ടാത്തതാണ് എന്റെ ജന്മ ദു:ഖം...
  :(

  ReplyDelete
 28. പ്രജേഷ്സെന്‍,
  നന്ദി.
  സത്യമാണ്... അനുഭവിച്ചവര്‍ക്കു മാത്രമേ മനസ്സിലാകൂ ഈ വേദന...
  :)

  ReplyDelete
 29. ഗണേഷ്,
  നല്ല വാക്കുകള്‍ക്കു ഒത്തിരി നന്ദി, സുഹൃത്തേ..
  :)

  ReplyDelete
 30. നന്നായിട്ടുണ്ട് കേട്ടോ..........!!
  എങ്ങിനെയോ എത്തിപ്പെട്ടതാണിവിടെ .
  കണ്ടപ്പോള്‍ ഇഷ്ടായി........!!
  താങ്ക്സ്........!!!

  ReplyDelete
 31. Sorry to reach here late... Impeccable writing Minu. Vaakukal kittunilla, really poignant...
  Keep up your impressive writing..

  ReplyDelete
 32. പാറു ഈ എഴുത്ത് കൊള്ളാം കേട്ടൊ ..
  ഞാനും പിന്നാലെ കൂടുന്നുണ്ട്...

  ReplyDelete
 33. ഏതോ വഴികളിലൂടെ ഒരു നിയോഗം പോലെ എത്തിച്ചേര്‍ന്നതാണിവിടെ....
  ഹൃദ്യമായ രചനാശൈലി ഇവിടെ കൂടാന്‍ പ്രേരിപ്പിക്കുന്നു.
  എഴുത്ത് തുടരുമല്ലോ, സ്നേഹത്തോടെ...

  ReplyDelete

സത്യസന്ധമായി അഭിപ്രായം പറഞ്ഞാല്‍ ഒരു പാരസെറ്റമോള്‍ ഗുളിക ഫ്രീ....