
സെപ്ടിക് ലേബര്‍ റൂം.
കേട്ടിട്ട് എന്ത് തോന്നുന്നു?
ഒരു തുരുമ്പിച്ച ബ്ലേഡില്‍ ചവിട്ടിയ പോലെ?
കേട്ടിട്ട് എന്ത് തോന്നുന്നു?
ഒരു തുരുമ്പിച്ച ബ്ലേഡില്‍ ചവിട്ടിയ പോലെ?
അതുതന്നെ.
സൂക്ഷിച്ചില്ലെങ്കില്‍ സെപ്ടിക് ആകുന്ന ഒരിടം ആണത്.
ഞങ്ങളുടെ SAT ആശുപത്രിയിലെ പ്രസവ വാര്‍ഡിന്റെ ഒരു എക്സ്റ്റന്‍ഷന്‍ ആണ് ഈ പറഞ്ഞ സ്ഥലം. സാധാരണ പ്രസവത്തിനു അഡ്മിറ്റ് ചെയ്യുന്ന സ്ത്രീകളെ ഒരുപാട് തയ്യാരെടുപ്പുകള്‍ക്ക് വിധേയമാക്കാറുണ്ട്. കുഞ്ഞിനും അമ്മയ്ക്കും അണുബാധ ഉണ്ടാകരുതെന്ന ഉദ്ദേശത്തോടെ. പക്ഷെ എല്ലാ കേസുകള്‍ക്കും അത് നടപ്പിലാക്കാന്‍ പറ്റി എന്ന് വരില്ല. അടിയന്തര ഘട്ടങ്ങളില്‍ കൊണ്ടുവരുന്ന രോഗികള്‍, ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയും വാഹനത്തിലും പ്രസവിക്കുന്നവര്‍ ഉദാഹരണം. അങ്ങനെയുള്ള രോഗികളെ പ്രവേശിപ്പിക്കുന്ന വിഭാഗമാണ് സെപ്ടിക് ലേബര്‍ റൂം. അവശ്യം വേണ്ട രക്തപരിശോധനകള്‍ പോലും നടത്താതെ വരുന്ന ഈ കേസുകള്‍ പ്രസവം എടുക്കുന്ന ഡോക്ടര്‍ക്ക് എപ്പോഴും റിസ്ക് ആണ്. അതിനാല്‍ സാധാരണയില്‍ കൂടുതല്‍ ശ്രദ്ധയോടെ ആണ് ഞങ്ങള്‍ ഇവിടത്തെ രോഗികളോട് ഇടപെടുക. അഞ്ചു ദിവസം ഹൌസ് സര്ജ്ജന്മാര്ക്ക് SLR ഡ്യൂട്ടി ഉണ്ട്.
പകല്‍ ഡ്യൂട്ടി ഏതാണ്ട് അവസാനിക്കാറായപ്പോള്‍ ആണ് അവരെ കൊണ്ടുവന്നത്. പേരോ വയസ്സോ നാടോ ഒന്നും അറിയാത്ത ഒരു നാടോടി സ്ത്രീ. പ്രസവവേദനയില്‍ പുളഞ്ഞു വഴിയില്‍ കിടന്ന അവരെ സുമനസ്സുകള്‍ ആയ ചില ഓട്ടോ ഡ്രൈവര്‍മാര്‍ അത്യാഹിതവിഭാഗം വരെ എത്തിച്ചു. അവിടെനിന്നു സെപ്ടിക് ലേബര്‍ റൂമിലേക്ക്. SLR ഇല് അധികം പേര് ഇല്ലാതിരുന്നതുകൊണ്ട് ഇത്തിരി നേരത്തെ പോകാമല്ലോ എന്ന ചിന്തയില്‍ സന്തോഷിച്ചിരുന്ന എന്നെ അരിശം കൊള്ളിച്ചുകൊണ്ട് ആ സ്ട്രെചെര്ന്റെ കരകര ശബ്ദവും അതിലും ഉച്ചത്തില്‍ അവരുടെ കരച്ചിലും ഇടനാഴിയില്‍ ഉയര്‍ന്നു കേട്ടു. കേസ് ഷീറ്റ് എഴുതാന്‍ അധികം ഒന്നും ഉണ്ടായിരുന്നില്ല. എന്തോ ഒരു പേര് അവര്‍ പറഞ്ഞു, അതെഴുതി. ബാക്കി പേജുകള്‍ ശൂന്യം.
വന്നിട്ട് അധികം വൈകാതെ, എന്റെ പകല്‍ ഡ്യൂട്ടി തീരുന്നതിനു മുന്‍പ് തന്നെ അധികം കോലാഹലം ഒന്നും കൂടാതെ അവര്‍ പ്രസവിച്ചു. നാല് കിലോ അടുപ്പിച്ചു തൂക്കമുള്ള ഒരു മിടുക്കന് ആണ്‍കുട്ടി. സമ്പന്നതയുടെ മടിത്തട്ടില്‍ നിന്നു വരുന്ന തരുണികള്‍, ആദ്യ മാസം മുതല്‍ പ്രോടീന്‍, വൈറ്റമിന്‍, അയണ്‍, കാത്സ്യം ഒക്കെ അളന്നു തൂക്കി കഴിച്ചിട്ടും ഭാരം തികയാത്ത കുഞ്ഞുങ്ങളെ പ്രസവിക്കുന്നത് സ്ഥിരമായി കാണുന്ന എന്നെ അതിശയിപ്പിച്ചു ആ കുഞ്ഞ്. അമ്മക്ക് ഉടന്‍ വേണ്ട പരിചരണം എല്ലാം ചെയ്തു അവര്‍ stable ആണെന്നുറപ്പ് വരുത്തിയ ഉടന്‍ ഞാന്‍ ആ കുഞ്ഞിന്റെ അടുത്തേക്ക് ചെന്നു. ഇളം ചുവപ്പ് പട്ടുതുണിയില്‍ പൊതിഞ്ഞ ഒരു പഞ്ഞിപ്പാവ പോലെ അവന്. ഉരുണ്ട കവിളുകളും കൈകാലുകളും സൂക്ഷിച്ചു തൊട്ടുനോക്കി. ആശുപത്രിയിലെ തന്നെ തുണികൊണ്ട് ആണ് അവനെ പുതപ്പിച്ചിരുന്നത്. റോസാപ്പൂ മൊട്ടുകള്‍ പോലെ ഉള്ള ആ കൈകള്‍ പിടിച്ചു മെല്ലെ നിവര്‍ത്തി നോക്കിയപ്പോള്‍ എന്തിനെന്നറിയാത്ത ഒരു ചെറു ഞെട്ടലോടെ ഞാന്‍ കണ്ടു, അവന് ആറ് വിരലുകള്‍ ആണ്... ഇരുകയ്യിലും ചെറുവിരലിനോട് ചേര്‍ന്നു ഓരോ കുഞ്ഞി വിരല്‍ കൂടി.
ഡ്യൂട്ടി കഴിയാന്‍ സമയം ആയി എന്ന് സിസ്റ്റര്‍ പറഞ്ഞപ്പോള്‍ ആണ് നേരം എട്ടുമണി കഴിഞ്ഞത് ഞാന്‍ അറിഞ്ഞത്. പോകുന്നതിനു മുന്‍പ് വെറുതെ അവനെ ഒന്ന് എടുത്തു നെഞ്ചോട് ചേര്‍ത്തു. എന്തോ പരതി അവന് എന്റെ നേരെ മുഖം തിരിച്ചു. "അയ്യോ മോനെ ഇത് ഞാനാ.. നിന്റെ അമ്മ ഇപ്പൊ വരും, കേട്ടോ..." എന്ന് കളിയായി പറഞ്ഞു അവനെ തിരിച്ചു തൊട്ടിലില്‍ കിടത്തി ഗ്ലൌസും ഏപ്രനും മാറ്റി ഞാന്‍ അവിടെനിന്ന് ഇറങ്ങി.
രാത്രി ഉറങ്ങുന്നതിനു മുന്‍പ് റൂംമേറ്റ് നോടും കൂട്ടുകാരോടും ഒക്കെ ഞാന്‍ അവരെപറ്റി പറഞ്ഞു. ആറ് വിരലുള്ള സുന്ദരന്‍ വാവയെ രാവിലെ നേരത്തെ പോയി കാണണം എന്നോര്‍ത്താണ് അന്ന് ഞാന്‍ ഉറങ്ങിയത്.
രാവിലെ 8 മണിക്ക് വാര്‍ഡില്‍ ചെന്ന ഞാന്‍ കണ്ടത് ഒരു ഇളകിമറിഞ്ഞ അന്തരീക്ഷമാണ്. തലേന്നത്തെ SLR കേസിനെ വാര്‍ഡിലേക്ക് മാറ്റിയിരിക്കുന്നു. മനസ്സിന് സ്ഥിരതയില്ലാത്ത ആ സ്ത്രീ കുഞ്ഞിനെ ശ്രദ്ധിക്കുകയോ അതിനു പാല് കൊടുക്കുകയോ ചെയ്തിട്ടില്ല. എന്തിന്, താന്‍ ഒരു കുഞ്ഞിനു ജന്മംനല്കി എന്നുപോലും അവര്‍ അറിഞ്ഞുവോ എന്ന് സംശയം... സിസ്റ്റര്മാര് നല്കിയ വസ്ത്രങ്ങള്‍ നേരെ ധരിക്കാതെ അവര്‍ ആ വാര്‍ഡില്‍ ആകെ അലഞ്ഞു നടക്കുന്നു. എന്തൊക്കെയോ തനിയെ സംസാരിക്കുന്നു. ചിരിക്കുന്നു. മറ്റുള്ള രോഗികളുടെ ശാപവാക്കുകള്‍, ആശുപത്രി ജീവനക്കാരുടെ ശകാരങ്ങള്‍, കൂട്ടിരിപ്പുകാരും കാഴ്ചക്കാരും ആയി നോക്കിനില്‍ക്കുന്നവരുടെ അത്ര സഭ്യമല്ലാത്ത കമന്റുകള്‍ ഇതൊക്കെ തന്നെ ലക്ഷ്യമാക്കി ആണെന്ന് യാതൊരു ധാരണയും ഇല്ലാതെ ആ പാവം സ്ത്രീ തന്റേതായ ഏതോ ലോകത്ത് നമുക്ക് കാണാനാകാത്ത എന്തൊക്കെയോ കണ്ടും കേട്ടും മിണ്ടിയും അങ്ങനെ...
തലക്കടിയേറ്റ പോലെ കുറേനേരം സ്തബ്ധയായി നിന്ന ഞാന്‍ കുറച്ചുകഴിഞ്ഞു അന്വേഷിച്ചു "എവിടെ അവരുടെ കുഞ്ഞ്" എന്ന്. പാല് കിട്ടാതെ ഏറെ നേരം കരഞ്ഞു തളര്‍ന്ന അവനെ ഗ്ലൂക്കോസും പാല്‍പൊടി കലക്കിയതും കൊടുത്തു നേഴ്സറിയില്‍ കിടത്തിയിരിക്കുകയാണെന്നു കേട്ടു. പിന്നെ ദിവസത്തിന് തിരക്കേറിയപ്പോള്‍, വേറെ നൂറായിരം കാര്യങ്ങള്‍ തലയില്‍ നിറഞ്ഞപ്പോള്‍ ഞാന്‍ അവരെയും ആ കുഞ്ഞിനേയും മറന്നു. വൈകുന്നേരം കേട്ടു ആ സ്ത്രീ ആശുപത്രിയില്‍ നിന്നും ഇറങ്ങിപ്പോയി എന്ന്. ആരും ഇല്ലാത്ത ആ കുഞ്ഞിനെ എന്ത് ചെയ്തു കാണും? ആരെങ്കിലും അവനെ സ്വന്തം കുഞ്ഞായി എടുത്തു കാണുമോ? അതോ ഏതെങ്കിലും അനാഥാലയം? ശിശുക്ഷേമ സമിതി?
ആരുമില്ലാത്ത കുഞ്ഞുങ്ങളെ എവിടെ കണ്ടാലും ഞാന്‍ അവരുടെ കൈകളിലേക്ക് നോക്കും, വല്ലാത്തൊരു ആകാംക്ഷയോടെ... ആറ് വിരലുള്ള, റോസാപ്പൂ മൊട്ടുപോലുള്ള കുഞ്ഞിക്കൈകള്‍ മനസ്സിന്റെ വിരലുകള്‍ കൊണ്ട് ഞാന്‍ വീണ്ടും തൊടും.
ഓര്‍മ്മയില്‍ ഇന്നും ഉണ്ട്, എടുത്തു ചേര്‍ത്തുപിടിച്ചപ്പോള്‍, അവന് അമ്മയെ എന്റെ നെഞ്ചില്‍ പരതിയപ്പോള്‍ ആദ്യമായി ഞാന്‍ അറിഞ്ഞ ആ വിങ്ങല്‍. "അമ്മ" എന്ന ആ കനമുള്ള നോവ്.
കഴിഞ്ഞ പോസ്റ്റില്‍ ഞാന്‍ എഴുതീരുന്നു, മനുഷ്യന് എത്ര മനോഹരമായ ഒന്നാണെന്ന്. ശരിക്കും അങ്ങനെയാണോ.. എനിക്കറിയില്ല. ആ പാവപ്പെട്ട സ്ത്രീയുടെ ദുരവസ്ഥക്ക് കാരണക്കാരായവര്‍ ഒരു കളങ്കവും ഏശാത്ത പൊതുജീവിതം നയിക്കുകയാവും അന്നും ഇന്നും... ഒരു നിമിഷനേരത്തേക്കെങ്കിലും തനിക്കു സന്തോഷം നല്കിയ സഹജീവിയെ ഇങ്ങനെ ഒരു പതനത്തില്‍ ആക്കിയിട്ടു കടന്നുകളയാന്‍ മനുഷ്യനല്ലാതെ വേറെ ഏതെങ്കിലും ജീവിക്ക് കഴിയുമോ? സ്വാര്‍ത്ഥതയും വഞ്ചനയും ജന്തുലോകത്തു മറ്റെവിടെയെങ്കിലും കാണാന്‍ കിട്ടുമോ?
പുതുവര്‍ഷാഘോഷങ്ങളുടെ ഈ വേളയില്‍ ഇങ്ങനെയൊരു കുറിപ്പ് അസ്ഥാനത്തായോ..? നിങ്ങളുടെ ഉല്ലാസം അല്പമെങ്കിലും ഞാന്‍ കെടുത്തിയോ?
ഒത്തിരി ചിരിയുടെ കൂടെ ഇത്തിരി ചിന്തയും കൂടി ആകാം എന്നേ ഞാന്‍ കരുതിയുള്ളൂ. ഒന്നാം തിയതി കസവുമുണ്ടുടുത്തും "നാളികേരത്തിന്റെ നാട്ടില്‍" ഡയലര്‍ ടോണ്‍ ആയി വെച്ചും മലയാളത്തനിമയില്‍ ഊറ്റം കൊള്ളുമ്പോള്‍ വല്ലപ്പോഴും ഓര്‍ക്കുക, നമ്മുടെ സംസ്കാര സമ്പന്നമായ നാട് ഇങ്ങനെയൊക്കെയും കൂടി ആണ്....