Friday, December 10, 2010

മറ്റൊരു കൊച്ചോര്‍മ്മ


വാച്ചില്‍ ഒന്നുകൂടി നോക്കി നടത്തയുടെ വേഗം കൂട്ടി. നിയോണ്‍ വെളിച്ചത്തില്‍ അമ്മയും കുഞ്ഞും പ്രതിമ തലയുയര്‍ത്തി നിന്നു. എത്തിപ്പോയി. വൈകിയിട്ടില്ല. എട്ടാവാന്‍ ഇനിയുമുണ്ട് അഞ്ചു മിനിട്ടോളം.

സ്ത്രീകളുടെയും കുട്ടികളുടെയും കേരളത്തിലെ ഏറ്റവും വലിയ ആശുപത്രികളില്‍ ഒന്നായ SAT . ഏറ്റവും തിരക്കേറിയ ലേബര്‍ റൂം. രാവിലെ എട്ടു മുതല്‍ ജോലി ചെയ്യുന്ന എന്റെ കൂട്ടുകാരെ ഞങ്ങള്‍ ചെന്ന് റിലീവ് ചെയ്യണം രാത്രി എട്ടു മണിക്ക്. തുടര്‍ച്ചയായി 15 ദിവസം പകലും പിന്നെ 15 ദിവസം രാത്രിയുമാണ് ലേബര്‍ റൂമില്‍ ഹൌസ് സര്‍ജജന്മാരുടെ ജോലി. ഒരു മാസം കഴിയുമ്പോഴേക്ക് ഒരു അടിസ്ഥാന ഡോക്ടര്‍ ഗൈനക്കോളജി യില്‍ നേടേണ്ട എല്ലാ പ്രായോഗിക അറിവുകളും പഠിച്ചിരിക്കും എന്നുറപ്പുണ്ടിവിടെ. കാരണം തെക്കന്‍ കേരളത്തിലെ ഗൈനക് കേസുകള്‍ അവസാന referral ആയി എത്തുന്നത് ഇവിടെയാണ്‌. കാണുന്നത് ഏറെയും പ്രയാസമുള്ള കേസുകള്‍. ദിവസങ്ങള്‍ അതുകൊണ്ട് തന്നെ കഠിനം. കൂടെ ഉള്ളവര്‍ ആണ്‍കുട്ടികള്‍ ആണ്. അവര്‍ക്ക് യാതൊരു താല്‍പര്യവും ഇല്ലാത്ത ഇടമാണിത്. മിക്കപ്പോഴും ഒന്ന് രണ്ടു പേര്‍ "മുങ്ങും". ഫലം അധിക ജോലി എനിക്ക്.


ചിന്തയില്‍ മുഴുകി ഇടനാഴിയിലൂടെ ലേബര്‍ റൂം ലക്ഷ്യമാക്കി വേഗം നടന്ന ഞാന്‍ "ഡോക്ടറേ" എന്ന വിളി ആദ്യം ശ്രദ്ധിച്ചില്ല. (പുതുതായി കേട്ടുതുടങ്ങിയ ആ വിളിയുമായി ഞങ്ങളുടെ കാതുകള്‍ പരിചയിച്ചു വരുന്നതെയുള്ളു താനും). പെട്ടെന്ന് പിന്നെയും ഡോക്ടറേ എന്ന് വിളിച്ചു ഒരു പെണ്‍കുട്ടി എന്റെ പിന്നാലെ ഓടി വന്ന്‌ മുന്നില്‍ കയറി നിന്നു ചിരിച്ചു. തലയില്‍ നിന്നു ഊര്‍ന്നു വീഴുന്ന ഷാള്‍ നേരെ പിടിച്ചിട്ടു കൊണ്ട് " എന്നെ മനസ്സിലായില്ലേ" എന്ന ചിരി. ഞാനും ചിരിച്ചു, അതിവേഗം ഓര്‍മ്മയില്‍ പരതിക്കൊണ്ട്. ഇതാര്? ഒരു പിടിയും കിട്ടുന്നില്ല. അവളാകട്ടെ സന്തോഷം കൊണ്ട് മതിമറന്നു എന്ത് പറയണം എന്നറിയാതെ കുഴങ്ങുന്നു. എനിക്ക് പിന്നിലേക്ക്‌ നോക്കി ആരെയോ വിളിക്കുന്നു, "ഇക്കാ ഇക്കാ ദാണ്ടേ നമ്മളെ ഉമ്മാടെ ഡോക്ടര്‍" എന്ന്. 'ഇവര്‍ക്ക് ആള് മാറിയത് തന്നെ' എന്നുറപ്പിച്ചു ഞാന്‍ നില്‍ക്കവേ, ഒരു പെണ്‍ സഹജമായ ലജ്ജയോ ഇന്‍ഹിബിഷന്‍ ഓ ഇല്ലാതെ ഉറക്കെ വിളിച്ചു പറയുന്നു ആ കുട്ടി: "ഡോക്ടര്‍ മറന്നു പോയോ ഞങ്ങളെ? രണ്ടാം വാര്‍ഡില്‍ ഞങ്ങടെ ഉമ്മാ കിടന്നപ്പോ രാത്രി മുഴുവന്‍ നോക്കിയത്?" എന്നിട്ട് പകുതി എന്നോടും ബാക്കി അവിടെ ഞങ്ങളെ കൌതുകപൂര്‍വ്വം നോക്കി നില്‍ക്കുന്നവരോടുമായി " അന്ന് ഈ ഡോക്ടറല്ലേ ഉമ്മാടെ ജീവന്‍ രക്ഷിച്ചത്‌.. ഇത്തിരി പോലും ഉറങ്ങീല പാവം അന്ന്..." അങ്ങനെ എന്തൊക്കെയോ.

പെട്ടെന്ന് എനിക്ക് ഓര്‍മ്മവന്നു എല്ലാം. രണ്ടു മാസം മുന്‍പത്തെ മെഡിസിന്‍ പോസ്റ്റിങ്ങ്‌. അഡ്മിഷന്‍ ദിവസത്തെ നൈറ്റ്‌ ഡ്യൂട്ടി ആണെനിക്ക്‌, സ്ത്രീകളുടെ വാര്‍ഡില്‍. പ്രമേഹം ഗുരുതരമായി അബോധാവസ്ഥയില്‍ കൊണ്ട് വന്ന ഒരു രോഗി. "കീറ്റോസിസ്" എന്ന അവസ്ഥ. തീവ്രമായ പരിചരണവും സൂക്ഷ്മ നിരീക്ഷണവും ആവശ്യമായ ഒരു രോഗാവസ്ഥ ആണത്. കീറ്റോസിസ് മാനേജ്‌മന്റ്‌ എന്ന ഒരു പ്രത്യേക അധ്യായം തന്നെ ഉണ്ട്. അതനുസരിച്ച് ഓരോ അരമണിക്കൂറും രോഗിയുടെ മൂത്രവും ഒന്ന് രണ്ടു മണിക്കൂര്‍ ഇടവിട്ട്‌ രക്തവും പരിശോധിച്ച് ഇന്‍സുലിനും മരുന്നുകളും ഡ്രിപ് ഉം അഡ്ജസ്റ്റ് ചെയ്തു ശരീരത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തില്‍ കൊണ്ട് വരണം.
ഈ രോഗി (കഷ്ടമെന്നു പറയട്ടെ അവരുടെ പേര് ഞാന്‍ ഓര്‍ക്കുന്നില്ല) അങ്ങനെ എനിക്ക് ഒരു ശിവരാത്രി സമ്മാനിച്ചു. കീറ്റോസിസ് കേസ് വാര്‍ഡില്‍ ഉണ്ടെങ്കില്‍ അങ്ങനെയാണ്; ഹൌസ് സര്‍ജ്ജന് ഉറങ്ങാന്‍ പറ്റില്ല. രാത്രി രണ്ടു മണിയായി.. അഡ്മിഷന്‍ വരവുകള്‍ നന്നേ കുറഞ്ഞു. സിസ്റ്റര്‍മാര്‍ പതുക്കെ ഉറങ്ങാന്‍ ഒരുങ്ങി. ലൈറ്റുകള്‍ അണഞ്ഞു, രോഗികള്‍ മയങ്ങി. ഞാനും ഒരു കീറ്റോസിസ് രോഗിയും മാത്രം ബാക്കി. വാച്ച് നോക്കി നോക്കി അരമണിക്കൂര്‍ കൂടുമ്പോള്‍ അവരുടെ കത്തീറ്റര്‍ തുറന്നു സാമ്പിള്‍ എടുത്തു ഹൌസ് സര്ജ്ജന്‍സ് ലാബില്‍ കൊണ്ട് പോയി കീറ്റോണ്‍ ടെസ്റ്റ്‌ ചെയ്തു തിരിച്ചു വന്ന്‌ ഇന്‍സുലിന്‍ അഡ്ജസ്റ്റ് ചെയ്തും അത് റെക്കോര്‍ഡ്‌ ചെയ്തും വീണ്ടും ഈ പ്രക്രിയ ആവര്‍ത്തിച്ചും അങ്ങനെ നേരം വെളുത്തു. രാവിലെ റൌണ്ട്സ് നു യൂണിറ്റ്‌ എത്തിയപ്പോള്‍ തലേന്ന് ബോധരഹിതയായി വന്ന ആ സ്ത്രീ കിടക്കയില്‍ എണീറ്റിരുന്നു കാപ്പി കുടിച്ചു ബന്ധുക്കളോട് സംസാരിക്കുന്ന അവസ്ഥയില്‍ ആയിക്കഴിഞ്ഞിരുന്നു.
അന്ന് എനിക്കത് വലിയ കാര്യമായി തോന്നിയില്ല. "കുരിശ്‌, അവസാനം കീറ്റോണ്‍ നെഗറ്റീവ് ആയല്ലോ, വഴക്ക് കിട്ടാതെ രക്ഷപ്പെട്ടു ഭാഗ്യം". ഇങ്ങനെയൊരു ചിന്തയല്ലാതെ മറ്റൊന്നും എന്റെ മനസ്സില്‍ വന്നില്ല. ഒരു ക്ലാര്‍ക്ക് ഫയലുകള്‍ നീക്കുന്ന പോലെ, ഒരു അധ്യാപിക ലെക്ചര്‍ എടുത്തു തീര്‍ക്കുന്ന പോലെ അതെന്റെ ജോലിയുടെ ഒരു ഭാഗം. അത്രതന്നെ.
പക്ഷെ ആ രാത്രി മുഴുവന്‍, തന്റെ പ്രിയപ്പെട്ട അമ്മയെ ഉറക്കമില്ലാതെ പരിചരിക്കുന്ന ഡോക്ടറെ സശ്രദ്ധം നിരീക്ഷിച്ച്‌ അവരുടെ കിടക്കയ്ക്കരികില്‍ ഇരുന്ന ആ പെണ്‍കുട്ടിയെ ഞാന്‍ ശ്രദ്ധിച്ചതെയില്ല. "കീറ്റോണ്‍ നെഗറ്റീവ്" എന്ന റിസള്‍ട്ട്‌ വരികയും രോഗി ബോധം തെളിഞ്ഞു എഴുന്നേല്‍ക്കുകയും ചെയ്ത ഉടന്‍ ആശ്വാസവും സന്തോഷവും ഡ്യൂട്ടി നേഴ്സ്നോട് പങ്കു വെച്ച് റൌണ്ട്സ് എത്തുന്നതിനു മുന്‍പ് ഒരു കോഫി കുടിക്കാന്‍ നെസ്കേഫെ മെഷീന്‍ ന്റെ അടുത്തേക്ക് ഓടുകയാണ് ഞാന്‍ ചെയ്തത്.
വളരെക്കാലം മറവിയില്‍ മുങ്ങിക്കിടന്ന ഈ കൊച്ചു സംഭവം ഞാന്‍ ഇപ്പോള്‍ ഓര്‍ത്തത്, ഈയിടെ എന്റെ അച്ഛന്‍ ഹൃദയ ശസ്ത്രക്രിയക്കായി ആശുപത്രിയില്‍ കിടന്നപ്പോഴാണ്‌. ഓപറേഷന്‍ ചെയ്യുന്നത് ഞാന്‍ പഠിച്ച കോളേജില്‍. ചീഫ് സര്‍ജ്ജന്‍മാരില്‍ രണ്ടാമന്‍ എന്റെ ക്ലാസ്സ്മേറ്റ്. എങ്കിലും, എന്റെ അച്ഛന്‍ തിയേറ്റര്‍ലേക്ക് നീങ്ങി, വാതിലുകള്‍ ഒന്നൊന്നായി ആ സ്ട്രെചെര്‍ നു പിന്നില്‍ അടഞ്ഞു തീര്‍ന്നപ്പോള്‍ മുതല്‍ ഞാന്‍ അനുഭവിച്ച മാനസികസമ്മര്‍ദ്ദം... നേരെ നില്‍ക്കാന്‍ ശക്തിയില്ലാതെ ഒരു കസേരയില്‍ ചാഞ്ഞു സ്വന്തം ഹൃദയമിടിപ്പുകള്‍ എണ്ണി കണ്ണിമയ്ക്കാതെ ഞാന്‍ ഇരുന്ന മണിക്കൂറുകള്‍... സര്‍ജ്ജറി കഴിഞ്ഞു ആദ്യമായി കാണാന്‍ എന്നെ അനുവദിച്ചപ്പോള്‍ "അമ്മ എവിടെ" എന്ന് ചോദിച്ച അച്ഛന്റെ ശബ്ദം...

ഇന്ന് ഞാന്‍ തിരിച്ചറിയുന്നു , ആ കുട്ടിയുടെ അന്നത്തെ മനസ്സ്. പ്രിയപ്പെട്ടവരുടെ ജീവന്‍ ദൈവത്തിന്റെ കൈകളില്‍ ആകുന്ന നേരത്തെ ചങ്കിടിപ്പ്...

മനുഷ്യന്‍. ബന്ധങ്ങള്‍. സ്നേഹം. എല്ലാം എത്ര സുന്ദരമാണ്... നമ്മെ സ്നേഹിക്കാന്‍, നമുക്ക് വേണ്ടി കാത്തിരിക്കാന്‍, വേദനിക്കാന്‍, സ്വന്തമായി ആരെങ്കിലും ഉണ്ടാവുക എന്നത് എത്ര വലിയ ഭാഗ്യമാണ്....

(വാല്‍ക്കഷണം: ആ പെണ്‍കുട്ടിയുടെ ഇക്കായുടെ ഭാര്യ ലേബര്‍ റൂമില്‍ ഉണ്ടായിരുന്നു. അന്ന് രാത്രി അവരുടെ ഡെലിവറി അറ്റന്‍ഡ് ചെയ്യാനും എനിക്ക് കഴിഞ്ഞു)

20 comments:

 1. ഒരു ഡോക്ടറുടെ ഓര്‍മ്മക്കുറിപ്പുകള്‍. എന്റെ കൂട്ടുകാരനുമായി ചേര്‍ന്നു എഴുതണം എന്ന് കരുതിയിരുന്നു. എന്റെ ഓര്‍മ്മകള്‍ അവന്റെ പേന ചെത്തി കൂര്‍പ്പിച്ചു നിരത്തുന്നത് കാത്തിരുന്നു. പെട്ടെന്നൊരുനാള്‍ അവന്‍ പടിയിറങ്ങിപ്പോയി

  വേദനിപ്പിക്കുന്ന കാര്യങ്ങള്‍ പറയാതിരുന്നുകൂടെ........
  സന്തോഷം പങ്കുവയ്ക്കൂ
  ആശംസകള്‍

  ReplyDelete
 2. പ്രിയപ്പെട്ട സുജിത്,
  ഓര്‍മ്മക്കുറിപ്പുകള്‍ ഹൃദയത്തില്‍ നിന്നു വരുന്നതാണ്. വേദനയും കണ്ണീരും ചിരിയും എല്ലാം അതില്‍ എനിക്ക് വേര്‍തിരിക്കാനാകാതെ ഇടകലര്‍ന്നിരിക്കുന്നു. ഞാന്‍ ഒരു എഴുത്തുകാരിയല്ല. എന്റെ മനസ്സ് ഞാന്‍ ഇവിടെ പകര്‍ത്തുമ്പോള്‍ ഒന്നും എഡിറ്റ്‌ ചെയ്യാറുമില്ല. ഇതൊക്കെയാണ് ഞാന്‍. ചിലത് മറയ്ക്കുകയും ഒളിക്കുകയും ചെയ്യുമ്പോള്‍ ഞാന്‍ ഞാനല്ലാതാകും. അതുകൊണ്ട്...
  :-)
  നന്ദി.

  ReplyDelete
 3. ഡോക്റ്റര്‍ജി, ഓര്‍മകള്‍ അയവിറക്കിക്കോണ്ടേയിരിക്കുക!കാതോര്‍ത്തിരിക്കുന്നു, നല്ലതായാലും വേദനയായാലും....

  ReplyDelete
 4. വേദനകള്‍ ചില സമയത്ത് അസഹനീയവും മറ്റ് ചിലപ്പോള്‍
  സംതൃപ്തിയും നല്‍കുന്നു ..ഈ ഓര്‍മ്മകള്‍ ഞങ്ങള്‍ക്ക് അനുഭവവും ചിന്തകളും കൂടി പ്രദാനം ചെയ്യുമ്പോള്‍ shades ഞങ്ങള്‍ക്ക് ഞങ്ങളുടെ തന്നെ shades ആയി മാറും ..ഇനിയും പങ്ക് വെക്കുക വേദനകളും അതോടൊപ്പം സന്തോഷങ്ങളും ...ആശംസകള്‍ ..

  ReplyDelete
 5. സന്തോഷേട്ടാ..
  സന്തോഷമായി... നന്ദീട്ടോ...
  ഇനീം എഴുതാം, ഓര്‍മ്മ വരുന്നതൊക്കെ.
  :-)

  ReplyDelete
 6. വിന്‍സെന്റ്,
  ഒരുപാടുണ്ട് ഓര്‍ക്കാന്‍, എഴുതാനും.. ഏത് ആദ്യം വേണം എന്ന കണ്‍ഫ്യൂഷന്‍ ആണ്... വായിക്കുന്നവരെ മടുപ്പിക്കാന്‍ പാടില്ലല്ലോ...
  :)

  ReplyDelete
 7. അവസാന വരികള്‍ വായിച്ചപ്പോള്‍ എന്‍റെ കണ്ണുകള്‍ നിറഞ്ഞിരുന്നു.........നഷ്ടങ്ങള്‍ മറക്കാന്‍ കഴിയാത്തതാണ്.....

  ReplyDelete
 8. വേദനിപ്പിക്കണത് തന്നെയാവട്ടെ ആദ്യം, അതാണ് മറക്കാന്‍ പറ്റാത്തത്. ഒരുപക്ഷെ സുഖവും സന്തോഷവും പെട്ടെന്ന് മറവിയിലേക്ക് മറയുന്നതാണ്.

  എഴുത്ത് നന്നാവുന്നുണ്ട്, ആശംസകള്‍.

  ഒരു പാരസെറ്റമോള്‍ കിട്ടീരുന്നെങ്കില്‍ (എന്റെഇന്റര്‍ നെറ്റിനു പനിയായിരുന്നു)

  ReplyDelete
 9. സുരഭിക്കുട്ടി,
  സത്യമാണ്. സന്തോഷങ്ങള്‍ വേഗം വേഗം മറവിയിലേക്ക് ഓടിമറയുന്നു.
  വേദന മറക്കാന്‍ ശ്രമിക്കുന്തോറും കൂടുതല്‍ കൂടുതല്‍ തീവ്രമായി ആത്മാവിനെ കുത്തിക്കീറുകയും..

  ReplyDelete
 10. പ്രിയ,
  നന്ദി.
  ജീവിതം കൈക്കുമ്പിളിലെ മണല്‍ പോലെ ആണെന്ന് കേട്ടിട്ടില്ലേ. പിടി മുറുക്കും തോറും അത് കൂടുതല്‍ വേഗത്തില്‍ വിരലുകള്‍ക്കിടയിലൂടെ ചോര്‍ന്നു പോകുന്നു...
  :(
  :)

  ReplyDelete
 11. പ്രദീപ്‌,
  താങ്കളുടെ പോസ്റ്റ്‌ വായിച്ച വേദനയില്‍ ആണ് ഇപ്പോഴും.
  പ്രസിദ്ധീകരിക്കുമ്പോള്‍ അറിയിക്കുമോ?
  ഇവിടെ വന്നതിനും അഭിപ്രായത്തിനും നന്ദി.

  ReplyDelete
 12. പലപ്പൊഴും അങ്ങനെയാണ്. ചിലപ്പോള്‍ നമ്മള്‍ ചെയ്യുന്ന ചില കാര്യങ്ങള്‍ മറ്റുള്ളവ‌ര്‍ക്ക് എത്രത്തോളം വിലപ്പെട്ടതായിരിയ്ക്കും എന്ന് നാമോര്‍ക്കാറില്ലല്ലോ...

  ഓര്‍മ്മക്കുറിപ്പ് നന്നായി. ക്രിസ്തുമസ്സ്-പുതുവത്സരാശംസകള്‍!

  ReplyDelete
 13. ശ്രീ വരാത്തതെന്താ എന്ന് ഞാന്‍ ഓര്‍ത്തു.......
  :)
  നന്ദി..

  ReplyDelete
 14. വായിക്കാന്‍ പ്രേരിപ്പിക്കുന്ന എഴുത്ത്. നന്നായിരിക്കുന്നു. ALL THE BEST

  ReplyDelete
 15. ദിവാരേട്ടാ,
  സന്തോഷം.. നന്ദിയും..
  പുതുവത്സരാശംസകള്‍, സ്നേഹത്തോടെ.

  ReplyDelete
 16. കൊള്ളാം സുഹൃത്തേ. ആതിയതേ പോസ്റ്റ്‌ മാത്രമണ്‌ വായിച്ചതു. അതും അല്പം മദ്ധ്യം സേവിച്ചിട്ടു. മനുഷ്യ ശരീരത്തെ കീറി മുറിച്ചു തന്‍റെ ജോലിയില്‍ ശ്രദ്ധിക്കുന്ന ഡോക്ടര്‍ മാരെ ജീവിതത്തിന്റെ പല കാല ഖട്ടങ്ങളില്‍ കണ്ടിട്ടുണ്ട്. പലരോടും നന്നിയും കടപ്പാടും തോന്നിയിട്ടുണ്ട്. അത് അവരോടു പറഞ്ഞിട്ടുമുണ്ട്. ചിലര്‍ ചിരിച്ചിട്ട് പോയി..ചിലര്‍ തോലട്ടു തട്ടിയിട്ടു ചിര്ച്ചു...ചിലര്‍ ദൈവത്തിനോട് നന്ദി പറയാന്‍ പറഞ്ഞു. പലോപ്പോഴും ചിന്തിച്ചിട്ടുണ്ട് അവരുടെ മനസ്സില്‍ എന്തായിരിക്കും എന്ന്. ഒരു രോഗി ജീവിതത്തിലേക്ക് തിരിച്ചു വരുമ്പോള്‍..അല്ലെങ്കില്‍ ജീവിതം വിട്ടിട്ടു പോകുമ്പോള്‍..അത് കണ്ടു നില്‍ക്കുന്ന ഡോക്ടര്‍ എന്ന മനുഷ്യ ജീവിക്ക് എന്തയിരുക്കും തോന്നുക എന്ന്?

  തുടക്കം നന്നായി... തുടര്‍ന്നും എഴുതുക. ഒന്നും ഇല്ലെഗിലും മനസിന്‌ ഒരു പക്ഷെ അല്പം സമാധാനം കിട്ടാന്‍ അത് കാരണമായേക്കും.

  Regards
  Sunil

  ReplyDelete
 17. This comment has been removed by the author.

  ReplyDelete
 18. Doctors scare the sh** out of me. I think I have told that to u once, long back. Its only when one gets to interact with people like you, that one feels that being sick isnt that bad.

  Keep writing!!
  :)

  PS: I dunno if somebody else has this issue, but I had some difficulty with ur italic font. Praayam aayi varunnathu kondu, kannu kaanaandaayathano ennariyilla.. ;)

  ReplyDelete
 19. ഞാന്‍ കപ്പലിന്റെ എഞ്ചിന്‍ നന്നാക്കുന്ന ഡോക്ടര്‍ ആണ്. ഭാര്യ ഒരു നേഴ്സ് . അവള്‍ ഇടയ്ക്കിടെ എന്നോട് പറയും, നിങ്ങള്‍ക്ക് ജോലിയില്‍ ഒരബദ്ധം പറ്റിയാല്‍ വേറൊന്ന് ഉണ്ടാക്കാം. ഞങ്ങള്‍ക്ക് അബദ്ധം പറ്റിയാല്‍...

  ഡോക്ടര്‍മാരുടെ കണ്ണുകളിലൂടെയും ഇനി ഞങ്ങളൊന്ന് മനുഷ്യരെ കാണട്ടെ. എഴുത്ത് തുടരുക.

  ReplyDelete

സത്യസന്ധമായി അഭിപ്രായം പറഞ്ഞാല്‍ ഒരു പാരസെറ്റമോള്‍ ഗുളിക ഫ്രീ....