Wednesday, December 1, 2010

A CONFESSION....


മൂന്നാം വര്‍ഷം. ഞാനെന്ന അന്തര്‍മുഖയായ പുസ്തകപ്പുഴു ആദ്യമായി മറ്റൊരാളോട് (അ)സുഖവിവരങ്ങള്‍ തിരക്കുന്നത് അന്നാണ്. മനുഷ്യ ശരീരത്തിന്റെ ഘടനയും പ്രവര്‍ത്തനവും അക്ഷരാര്‍ത്ഥത്തില്‍ തലനാരിഴ "കീറി" പഠിച്ച രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം, ആശുപത്രിക്കിടക്കയിലെ ജീവനുള്ള മനുഷ്യരുമായി മുഖാമുഖം. വളരെ പണിപ്പെട്ടു തുടക്കത്തില്‍. History Taking എന്ന കല നിസ്സാരമായ ഒന്നല്ല എന്ന് മനസ്സിലാക്കിയ നാളുകള്‍. മുന്നില്‍ ഇരിക്കുന്ന മനുഷ്യന്റെ വിശ്വാസം നേടിയെടുത്തു പരമാവധി വിവരങ്ങള്‍ അയാളെക്കൊണ്ട് പറയിക്കാനുള്ള പെടാപ്പാട്. ചീഫ് മുതല്‍ അവസാന വര്‍ഷ വിദ്യാര്‍ഥി വരെ അടങ്ങിയ യൂണിറ്റിലെ മുതിര്‍ന്നവര്‍ക്ക് മുന്നില്‍ അത് വായിച്ചു കേള്‍പ്പിക്കുന്ന, Case Presentation എന്ന പേടിസ്വപ്നം. റാഗിംഗ് ന്റെ ബാക്കി എന്നോണമുള്ള "ചൊറി" കള്‍, പരിഹാസങ്ങള്‍ അങ്ങനെ ഒരു പരീക്ഷണ കാലം.

സുഭാഷ്‌ എന്നായിരുന്നു അവന്റെ പേര്. എനിക്ക് അനുവദിച്ചു തന്ന പത്ത് കിടക്കകളില്‍ ഒരു കേസ്. പതിനെട്ടു- പത്തൊന്‍പത്‌ വയസ്സ്. ഒറ്റ മകന്‍. കൂലിപ്പണിക്കാരനായ അച്ഛന്‍. വൈകിട്ട് വാര്‍ഡില്‍ വരും. അമ്മ മുഴുവന്‍ സമയവും അവനോടൊപ്പം. പനിയാണ് അവന്‌. മരുന്നു കഴിച്ചിട്ട് മാറാതെ വളരെ നാളുകളായി ശല്യം ചെയ്യുന്ന പനി. വന്ന ദിവസം മുതല്‍ ടെസ്റ്റുകള്‍.. പരിശോധനകള്‍.. രാവിലത്തെ റൌണ്ട്സ് സമയത്ത് നീണ്ടു നീണ്ടു പോകുന്ന ചര്‍ച്ചകള്‍. മൂന്നാം വര്‍ഷ വിദ്യാര്‍ഥിക്ക് എല്ലാം കണ്ടുനില്‍ക്കാനേ ആവൂ. കണ്ടും കേട്ടും പഠിക്കുക. പരമശ്രേഷ്ടമായ വിശുദ്ധ ശാസ്ത്രം. ദൈവത്തിന്റെ വാക്കുകള്‍ പോലെ കാതില്‍ വീഴുന്ന അധ്യാപകന്റെ മൊഴികള്‍ പകര്‍ത്തി ഉരുക്കഴിച്ചു നില്‍ക്കുന്ന വിധേയത്വം.

രാവിലത്തെ ബഹളവും ഉച്ചക്കത്തെ തിയറി ക്ലാസ്സും കഴിഞ്ഞു വൈകിട്ട് വീണ്ടും ഞാന്‍ വാര്‍ഡില്‍ വന്നു സുഭാഷിന്റെ അടുത്തിരുന്നു. "ഇന്ന് കുറവുണ്ട്, അല്ലേ മോളെ?" എന്ന് ആ അമ്മ പ്രതീക്ഷ തിളങ്ങുന്ന കണ്ണുകളോടെ എന്നോട് എന്നും ചോദിക്കും. കുറവില്ല എന്ന് കാണിക്കുന്ന പനി ചാര്‍ട്ട് വരച്ച കേസ് ഷീറ്റ്‌ നെഞ്ചോട്‌ ചേര്‍ത്ത് പിടിച്ചു നിന്നു ഞാന്‍ ഒരു വിഡ്ഢിയെപ്പോലെ തലയാട്ടി സമ്മതിക്കും.

പരിശോധനകളുടെ കടുപ്പം കൂടി. മരുന്നുകളുടെ വിലയും. വീട്ടില്‍ നിന്നു തന്ന പോകെറ്റ് മണി എടുത്തു പല തവണ അവരെ സഹായിച്ചു. ശക്തമായ മരുന്നുകള്‍ രക്തക്കുഴലിലേക്ക് ഇരച്ചു കയറുമ്പോള്‍ അവന്റെ മുഖം ചുവക്കുന്നതും ചെവിക്കടുത്തുള്ള ഞരമ്പുകള്‍ പിടക്കുന്നതും ഞാന്‍ കണ്ടു. ഇടയ്ക്കിടെ അവന്റെ ബോധം മറഞ്ഞു. അപസ്മാരത്തിന്റെ ലക്ഷണങ്ങള്‍ പോലെ... ഒരു ജൂനിയര്‍ വിദ്യാര്‍ഥിയുടെ അറിവിന്റെ പരിമിതികള്‍... കണ്ടു നില്‍ക്കാനും മുകളില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ അനുസരിക്കാനും മാത്രമേ എനിക്ക് അനുവാദമുള്ളൂ.

ആശുപത്രിയില്‍ വന്നു രണ്ടാഴ്ച കഴിഞ്ഞൊരു നാള്‍ സുഭാഷിന്റെ കണ്ണുകള്‍ മേലേക്ക് മറിയുന്നതും ചുണ്ട് കോടുന്നതും പകച്ചു നോക്കി ഞാന്‍ നിന്നു. അവന്റെ ബോധം തീര്‍ത്തും മറഞ്ഞു. ഇനി തിരിച്ചു വരാന്‍ പറ്റാത്ത വിധം അവന്റെ ശിരോനാഡികള്‍ തളര്‍ന്നു. ഒരു വെളിപാട് പോലെ പൊടുന്നനെ യൂണിറ്റില്‍ ആരോ അരുളിച്ചെയ്തു.. ടി.ബി. meningitis ? ധൃതഗതിയില്‍ ടെസ്റ്റുകള്‍ നടത്തി. എല്ലാം ടി.ബി പോസിറ്റീവ് ആണെന്ന് തെളിയിച്ചു. പക്ഷെ ഞങ്ങള്‍ വളരെ, വളരെ വൈകിയിരുന്നു. നേരിയ ഒരു പനിയുമായി നടന്നു വന്ന്‌ കിടക്കയില്‍ ഇരുന്നു ഓറഞ്ച് അല്ലികള്‍ പൊളിച്ചു തിന്നുകൊണ്ട്‌ അവന്റെ പനിയുടെ കഥ ഒരു ചെറുചിരിയോടെ എന്നെ പറഞ്ഞു കേള്‍പ്പിച്ച ആ കുട്ടി ഒരു ഓക്സിജന്‍ മാസ്കിലേക്ക് തന്റെ അവസാന ശ്വാസം ഉച്ച്വസിച്ചു എന്റെ കണ്മുന്നില്‍ നിശ്ചലനായി.

ടി.ബി. എന്ന സര്‍വ്വസാധാരണമായ, ഏതാനും ഗുളികകള്‍ കൊണ്ട് നിസ്സാരമായി സുഖപ്പെടുത്താവുന്ന ആ രോഗം എന്തുകൊണ്ട് മെഡിക്കല്‍ കോളേജ് പോലെയുള്ള ഒരു സ്ഥാപനം കണ്ടെത്തിയില്ല? ആര്‍ക്കാണ് തെറ്റിയത്? എനിക്കും കൂടി അല്ലേ? സ്വയം മാപ്പ് കൊടുക്കാന്‍ എനിക്കിന്നും കഴിയാത്ത മഹാപരാധം.

ജീവനറ്റ മിഴികളില്‍ ശൂന്യമായ ഒരു നോട്ടവുമായി വെറും തറയില്‍ ആ അമ്മ മരവിച്ച് ഇരുന്നു. അവിടവിടെ കൂടിനിന്ന ആളുകള്‍ക്കിടയില്‍ എന്നെ തെരഞ്ഞുപിടിച്ച് അവന്റെ അച്ഛന്‍ അരികിലേക്ക് വന്ന്‌ എന്റെ കൈ പിടിച്ചു എന്തോ വിരലുകള്‍ക്കിടയില്‍ ബലമായി തിരുകി, തിരിഞ്ഞു നടന്നു. പലപ്പോഴായി മരുന്നു വാങ്ങാന്‍ ഞാന്‍ അവര്‍ക്ക് കൊടുത്ത പണം... തിരിഞ്ഞൊന്നു നോക്കാതെ, തല ഉയര്‍ത്താതെ, മകന്റെ ശരീരം വഹിച്ച സ്ട്രെചെര്‍ നു പിന്നാലെ നടന്നു പോകുന്ന ആ മനുഷ്യനെ നോക്കി ഞാന്‍ തറഞ്ഞു നിന്നു, നെഞ്ചില്‍ കുരുങ്ങിയ ഒരു നിലവിളിയുമായി.

21 comments:

  1. vayichu manasil ninnum pokunnilla subhash
    pinne gulika venda ...pani subhashintethupole bhagyamayi varatte oppam ....

    ReplyDelete
  2. ആദ്യത്തെ അനുഭവ വിവരണം തന്നെ ടച്ചിങ്ങ് ആയി.

    ഒന്നും പറയാനാകുന്നില്ല. വല്ലാത്ത ഒരു അനുഭവം തന്നെ. സുഭാഷിനെ പോലെ എത്രയോ പേരുണ്ടാകും പലയിടങ്ങളിലായി... അല്ലേ?

    ReplyDelete
  3. "Subhash".... --- let his soul rest in peace...

    Really poignant, vaakukal kittunnilla... as if falling into coma...

    "Memories may fade as the years go by but they won’t age a day" so keep on scripting your memories....

    ReplyDelete
  4. ഞാനും അവിടെയുണ്ടായിരുന്ന പോലെ തോന്നിപ്പോയി വായനയിലുടനീളം. സുഭാഷിനെപ്പോലുള്ളവര്‍ക്കായ് ഈ കുറിപ്പ് സമര്‍പ്പിക്കാം, അതുവഴി അവരെ ഓര്‍മ്മിക്കാം.


    ആദ്യകുറിപ്പ് തന്നെ ഹൃദയസ്പര്‍ശിയാണ്. ഓര്‍മ്മകള്‍ക്ക് മരണമില്ലതന്നെ, ചിലപ്പോള്‍ അത് ചാരത്താല്‍ മൂടിക്കിടക്കപ്പെടാം, ഒരു ചെറു ഉച്ഛ്വാസവായുവിന് പോലും ആ ഓര്‍മ്മയെ ജ്വലിപ്പിക്കാനാവും.

    തുടരൂ ഈ കുറിപ്പുകള്‍, ആശംസകള്‍.

    ReplyDelete
  5. Dear Njanum Neeyum,
    Nandi, Sandarshanathinum abhipraayathinum
    :)

    ReplyDelete
  6. ശ്രീ,
    അനുഭവങ്ങള്‍ ഒരുപാടുണ്ട് സുഹൃത്തേ. അതൊക്കെ അതിന്റെ തീവ്രതയില്‍ പകര്‍ത്താന്‍ ഉള്ള വാക്കുകള്‍ എന്റെ കയ്യില്‍ ഉണ്ടോ എന്നറിയില്ല...
    ശ്രമിക്കാം എന്ന് മാത്രം പറയട്ടെ...
    :)

    ReplyDelete
  7. Dear Galaxy,
    Thank you my friend..!
    :)

    ReplyDelete
  8. സുരഭി,
    ഇത്രേം നന്നായി എഴുതുന്ന ആള്‍ ഇങ്ങനെ ഒക്കെ പറയുമ്പോള്‍ എനിക്കെന്തു സന്തോഷമാണെന്നോ??
    :)

    ReplyDelete
  9. God has decided everything...We can't change it with tablets...

    sarikkum moorchayulla vakkukal...while reading your blog i felt that i was with you in hospital at that time.

    pinne ente parasettamol , vegam ayachu thaaa :)

    ReplyDelete
  10. Dear Escra,
    Thank you. Will send you the tablet soon. pls tell me ur postal address.
    :)

    ReplyDelete
  11. കമന്റ്‌ ഇടാന്‍ വന്നപ്പോള്‍ കണ്ട കമ്മന്റ് അതിലും കേമം .
    ഒരു പാരസിടമോളിന് (ഞങ്ങള്‍ക്ക് പനഡോള്‍ ) വേദന അകറ്റാന്‍ മാത്രം അല്ല ചിരിപ്പിക്കാനും കഴിയും എന്ന് മനസ്സിലായി ..ഇനി പിന്നെ പറയാം ..കഥയുടെ ..അല്ല അനുഭവത്തിന്റെ മൂടിന് പ്രതികരിക്കാന്‍
    പറ്റില്ല ഇപ്പോള്‍ ..

    ReplyDelete
  12. This comment has been removed by the author.

    ReplyDelete
  13. ഷേഡ് ഇത്ര പ്രതീക്ഷിച്ചില്ല തുടക്കം! ഒടുക്കം മരണത്തിലേക്ക് അശ്രദ്ധമായ് നിങള്‍ നടത്തിക്കൊണ്ടുപോയ ആ മനുഷ്യന്‍, അമ്മ,അച്ചന്‍ ശരിക്കും ഞാന്‍ ഒന്നു പകച്ചു!പിന്നെയോര്‍ത്തു ഇതൊക്കെ എത്ര കേട്ടിരിക്കുന്നു!ഷേഡ് എന്തിനാണ് ഇതൊക്കെ നിങള്‍ എഴുതുന്നത്?!! അല്ല്ങ്കിലും തെറ്റു പറ്റാത്തവരുണ്ടോ?"വിശുദ്ധ ശാസ്ത്രം" എന്നു പറഞാലെന്താണ്?അറിവുകളെ അവഹേളിക്കുന്നത് ശാസ്ത്രത്തിന്റ്രെ തകരാറാണോ?പ്രിയമുള്ള ഷേഡ് നിങളില്‍ തിളക്കുന്ന സഹാനഭൂതി മറക്കില്ല!!

    ReplyDelete
  14. കല്യാണത്തിന് മുമ്പ് മുഖത്തെ ഒരു കുരു മാറ്റാന്‍ വന്നിട്ട് ഒരു മൈനര്‍ സര്‍ജറി ഇല്‍ ആയുഷ്കാലം തളര്‍ന്നു കിടന്നു പോയവരുടെ കഥകളും കേട്ടിടുണ്ട്.നമ്മെ കൊണ്ടു ആവുന്നത്
    ചെയ്യുക എന്നല്ലാതെ അനിവാര്യം ആയതിനെ മാറ്റി മറിക്കാന്‍ ആര്‍കും ആവില്ല.

    ReplyDelete
  15. സന്തോഷേട്ടാ, (Pts)
    നിങ്ങള്‍ എന്തിനാണ് ഇതൊക്കെ എഴുതുന്നത്‌ എന്ന ചോദ്യം മനസ്സിലായില്ല... "ന ബ്രൂയാല്‍ സത്യമപ്രിയം" എന്നതുകൊണ്ടാണോ? അതോ ഈ വകുപ്പിന്റെ ഭാഗമായ ഞാന്‍ അതിന്റെ വീഴ്ചകളെ കുറിച്ച് പറയരുത് എന്നോ? രണ്ടായാലും എനിക്ക് യോജിപ്പില്ല. ഓര്‍മ്മകള്‍ ഓര്‍മ്മകള്‍ മാത്രം. നല്ലതും ചീത്തയും എന്ന് വേര്തിരിച് എഴുതാന്‍ അറിയില്ല എനിക്ക്.
    വിശുദ്ധ ശാസ്ത്രം എന്നതുകൊണ്ട്‌ ഞാന്‍ ഉദ്ദേശിച്ചത് മറ്റു പഠന മേഖലകളെ അപേക്ഷിച്ച് വൈദ്യ ശാസ്ത്രത്തിനു പൊതു ദൃഷ്ടിയില്‍ ഉള്ള ഒരു പാവനത.. മനുഷ്യ ജീവന്‍ രക്ഷിക്കാന്‍ ഉള്ള അറിവുകള്‍ പകര്‍ന്നു തരുന്ന ശിക്ഷണം.. അതിനു ഞങ്ങള്‍ ഒരുപാട് ബഹുമാനം നല്‍കിയിരുന്നു അന്നൊക്കെ. അത്രേയുള്ളൂ...
    :-)

    ReplyDelete
  16. Dear Ente Lokam,
    Thank you... !
    :)

    ReplyDelete
  17. "എന്തിനിതൊക്കെ എഴുതണം" എന്നത് നെഗറ്റീവ് സെന്‍സിലെഴ്തിയതല്ല. ആ ചെറുപ്പക്കാരനെ കുറിച്ച് ഓര്‍ത്തപ്പോള്‍ എന്റെ സ്നേഹിതന്റെ അതേ വയസുകാരനായ മകന്‍ തിരുവനന്തപുരത്ത് ഒരാശുപത്രിയില്‍ ഒരു ഓപറേഷനു ശേഷം കോമയില്‍ കഴിയുന്നത് ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന് ഒരുറപ്പുമില്ലാത്ത ആ കുട്ടിയെ ഓര്‍മിപ്പിച്ചു!.അതുണ്ടാക്കിയ നൊംബരം...ഒളിച്ചോടാന്‍.. എന്തെങ്കിലും ഒരു വഴി വേണ്ടേ...എഴുതിക്കഴിയുംബോള്‍ നിങള്‍ക്ക് ആശ്വാസമാകും.വായിക്കുന്നവന്‍ ഇതില്‍ നിന്നൊക്കെ എങിനെ രക്ഷ നേടും?
    എഴുതുക..എല്ലാ വിധ ആശംസകളും...സ്നേഹപൂര്‍ വം.....

    ReplyDelete
  18. " വെറുക്കുന്നു മരണത്തെ ഞാനും ....." കണ്ടറിഞ്ഞ കാര്യങ്ങള്‍ അതെ തീവ്രതയോടെ എഴുതിയിരിക്കുന്നു..........ആശംസകള്‍....

    ReplyDelete
  19. This comment has been removed by the author.

    ReplyDelete
  20. ഇതൊരു കഥയായിരിക്കട്ടെ എന്ന് വിശ്വസിക്കുന്നു .
    ഇങ്ങനെ എത്രയെത്ര സുഭാഷുമാര്‍ നമുക്കിടയില്‍ ഒടുങ്ങിയിരിക്കും!
    ഇത് വായിച്ചപ്പോള്‍ പഴയ ഒരു പോസ്റ്റ്‌ ഓര്‍മ്മവന്നു.
    ഇവിടെ അമര്‍ത്തി നോക്കൂ

    ReplyDelete
  21. ഡോക്ടറെ അന്ന് ഒന്ന് കണ്ട് പോയതില്പിന്നെ ഇന്നാണ് വരുന്നത്. പോസ്റ്റും കമന്റുകളും വായിച്ചു. ഒന്നും പറയുക വയ്യ. എന്താണല്ലെങ്കില്‍ പറയേണ്ടത്?

    ReplyDelete

സത്യസന്ധമായി അഭിപ്രായം പറഞ്ഞാല്‍ ഒരു പാരസെറ്റമോള്‍ ഗുളിക ഫ്രീ....